പട്ടികജാതിപട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ക്കെതിരെ ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശില്‍ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 5 ആയി. പഞ്ചാബ്, രാജസ്ഥാന്, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. ട്രെയിനുകള്‍ക്കെതിരെ കല്ലേറുമുണ്ടായി. ഗ്വാളിയോറില്‍ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്ത് വിട്ടിട്ടുണ്ട്.
രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.
അക്രമ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് പരക്കാതിരിക്കാന്‍ ഈ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്.