ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ദയാവധം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് കോമണ്‍ കോഴ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ആരാഞ്ഞിരുന്നു.
കൃത്യമായ മാര്‍ഗ നിര്‍ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. മരണപത്രം എഴുതിവെച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്‌ട്രേറ്റിനെ നിയോഗിക്കും. ജില്ലാ മജിസ്‌ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.