Skip to main content
Delhi

supreme-court-judges

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ പ്രതിഷേധിച്ചുകൊണ്ട് നാല്  ജഡ്ജിമാര്‍ കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങി വന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നിവാരാണ് ഇറങ്ങി വന്ന മറ്റ് ജഡ്ജിമാര്‍. നാല്കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കാണാന്‍ വന്നത്.

 

"രണ്ടു മാസങ്ങല്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെടുകൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയത്." ജസ്റ്റിസ് ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

"സുപ്രീം കോടതി സംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍ ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെ"ന്നും അവര്‍ പറഞ്ഞു.

 

"ഇപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ വരും തലമുറ ഞങ്ങളെ കുറ്റപ്പെടുത്തും" അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം പറയുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.

 

സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ, ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ സംബന്ധിച്ച കേസ് പരിഗണിക്കുന്ന കാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പ്രധാനകാരണം.

 

മറ്റൊന്ന് കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല.

 

 

Tags