ഒരു രാഷ്ട്രീയ സിനിമ എന്നതിലുപരി റിയലിസ്റ്റിക് മൂവി എന്ന്‍ വേണം ഒരു മെക്സിക്കന്‍ അപാരതയെ വിശേഷിപ്പിക്കേണ്ടത്. നാടകീയത വളരെ കുറവുള്ള സിനിമയാണിത്. കേരള കാമ്പസുകളിലെ രാഷ്ട്രീയത്തെ അറിയുന്നവര്‍ ഈ സിനിമയെ നെഞ്ചിലേറ്റുകയും ചെയ്യും.
സിനിമയില്‍ പോളായി എത്തുന്ന ടോവിനോ തോമസിന്റേയും കൂട്ടുകാരന്‍ സുഭാഷായി വേഷമിടുന്ന നീരജിന്റേയും കൂട്ടുകെട്ടിന്റെ മാധുര്യവും സിനിമ പ്രേക്ഷകരിലെത്തിക്കുന്നു. ഒരു കാമ്പസിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതാന്‍, അക്രമ രാഷ്ട്രീയത്തിനു വിരാമമിടാന്‍ പ്രയത്നിക്കുന്ന കുറച്ചുപേരുടെ കഥയാണിത്. ട്വിസ്റ്റുകളും നാടകീയതകളുമല്ല, സ്വാഭാവികതയാണിതിന്റെ ഭംഗി. ഇരുപത് ചേര്‍ന്ന്‍ നായകനെ തല്ലുമ്പോള്‍ അമാനുഷിക ശക്തി കാണിച്ച് പറത്തിയെറിയുകയൊന്നുമല്ല, ഓടി രക്ഷപ്പെടുകയും നിന്ന് കൊള്ളുകയുമൊക്കെ ചെയ്യുകയാണ്. ചിത്രത്തിലെ പ്രണയം പോലും അത്രമേല്‍ സ്വാഭാവികമാണ്. സംഭാഷണങ്ങളിലും അത് ചോര്‍ന്ന്‍ പോയിട്ടില്ല.
അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആരായാലും, അത് പാര്‍ട്ടിക്കാര്‍ തന്നെയാകണമെന്നില്ല, അവരുടെ മനസ്സില്‍ ഉണ്ടാകുന്ന വിപ്ലവമാണ് ചിത്രം. അക്രമരാഷ്ട്രീയത്തെ പിന്തുണക്കാതെ ആയുധമല്ല, ആശയമാണ് പ്രധാനം എന്നും ചിത്രം പറഞ്ഞുവെക്കുന്നു. “പിന്നില്‍ നില്‍ക്കാന്‍ ആയിരം പേര്‍ ഉണ്ടാകുന്നതിലല്ല, കൂടെ നില്‍ക്കാന്‍ രണ്ടുപേര്‍ മതി വിപ്ലവത്തിനായി” – പലയിടങ്ങളിലും ചതി മണക്കുമ്പോഴും ഈ ആശയം സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നു. ആദ്യപകുതിയില്‍ പ്രണയവും കോളേജ് പരിപാടികളുമായി സ്ലോ മൂഡില്‍ പോകുന്ന സിനിമയ്ക്ക് രണ്ടാം പകുതിയില്‍ പോരാട്ടത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും വീര്യം കൈവരുന്നു.
രണ്ട്-മൂന്ന്‍ വ്യക്തിത്വങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്നു എന്ന്‍ തോന്നാം. ഒരു കാമ്പസില്‍ ഈ വിപ്ലവം എങ്ങനെ മാറ്റം വരുത്തുന്നു എന്ന്‍ കാണിക്കുമ്പോള്‍ മറ്റ് കുട്ടികളുടെ യാതൊരു പ്രതികരണവും കാണിക്കുന്നില്ല എന്നത് സിനിമയുടെ ഒരു പോരായ്മയാണ് എന്നതൊഴിച്ചാല്‍, കേരളത്തിലെ കാമ്പസ് അനുഭവിച്ചവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും ഗൃഹാതുരത്വം പകരാന്‍ കഴിഞ്ഞിട്ടുണ്ട് ഈ സിനിമയ്ക്ക്.
ചിത്രത്തില്‍ വില്ലനായി വേഷമിട്ട രൂപേഷും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഗായത്രി സുരേഷാണ് നായികാവേഷത്തില്‍ എത്തുന്നത്. സിനിമയുടെ സംവിധായകന്‍ ടോം ഇമ്മട്ടിയും ഛായാഗ്രാഹകന്‍ പ്രകാശ് വേലായുധനുമാണ്.