Skip to main content

 

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത് ദിലീപ് നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. തന്റെ ആദ്യ ചിത്രമായ സല്ലാപത്തില്‍ പ്രധാന വേഷം ചെയ്ത ദിലീപിനൊപ്പം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുന്ദര്‍ ദാസ് വീണ്ടും ഒന്നിക്കുന്നത്. മൂന്ന്‍ വര്‍ഷത്തിനു ശേഷമാണ് സുന്ദര്‍ ദാസ് ഒരു ചലച്ചിത്രമൊരുക്കുന്നതെങ്കിലും ഇടവേള എന്തെങ്കിലും ഗുണം ചെയ്തതായി കാണുന്നില്ല.

 

ആകര്‍ഷകമായ കഥാതന്തുക്കള്‍ കണ്ടെത്തുന്നതില്‍ സുന്ദര്‍ ദാസ് പുലര്‍ത്തുന്ന ശ്രദ്ധ ഈ ചിത്രത്തിലും കാണാം. എന്നാല്‍, അതിന്റെ വികാസവും തിരശീലയിലെ നിര്‍വ്വഹണവും പാളുന്ന പ്രശ്നവും അദ്ദേഹത്തെ പിന്തുടരുന്നു. അച്ഛനും അമ്മയും ജയിലില്‍ ആയതിനാല്‍ ജയിലില്‍ ജനിച്ച് കുറ്റവാളികളുടെ മകനായി ജയില്‍ സ്റ്റാഫിന്റെ പൊന്നോമനയായി വളര്‍ന്ന ഉണ്ണിക്കുട്ടന്‍റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ജയില്‍ ഉണ്ണിക്കുട്ടന് തറവാട് പോലെയാണ്. സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഇയാള്‍ ഏതെങ്കിലും കേസ് ഏറ്റെടുത്ത് ജയിലില്‍ വന്ന്‍ കിടക്കുന്നതാണ് പതിവ്. ജയിലില്‍ എല്ലാവരുടേയും കണ്ണിലുണ്ണിയായ ഉണ്ണിക്കുട്ടന്‍ ഒരു പ്രണയത്തിലൂടെ ജയിലിന് പുറത്തേക്ക് ചിന്തിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

 

പതിവു ക്ലിഷേകള്‍ നിറച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. പോലീസുകാരുടേയും രാഷ്ട്രീയക്കാരുടേയും മുഖം മൂടി അഴിച്ചുമാറ്റുന്നതും കൊലയാളിയ്ക്ക് മനുഷ്യാവകാശം പറയുന്നതും മരിച്ചയാളുടെ മനുഷ്യാവകാശത്തിന് വിലയില്ലാത്തതുമായ അവസ്ഥയോടുള്ള വിമര്‍ശനവും, പിന്നെ ആനുകാലിക പ്രസക്തിക്കായിട്ടാവണം, നായയെ സംരക്ഷിക്കണം എന്ന് പറയുന്നവരെ ആക്ഷേപിച്ചും ചലച്ചിത്രം അതിന്റെ ‘സാമൂഹ്യ ധര്‍മ്മം’ നിറവേറ്റുന്നു.

 

സിനിമയുടെ ഭൂരിഭാഗവും ജയിലില്‍ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ജയിലിനുള്ളിലെ കളിതമാശകള്‍ ആദ്യപകുതിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും രണ്ടാം പകുതിയില്‍ ജയിലിന്റെ ക്രൂരഭാവവും കാണാം. കോമഡി എന്റര്‍ടെയ്നറിന്‍റെ ചേരുവകളോടെയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും പലപ്പോഴും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ട്, സിനിമ. പല സീനിലും ദിലീപിന് മാത്രം സംഭാഷണവും മറ്റുള്ളവര്‍ കാഴ്ചക്കാരും എന്ന നിലയാണ്.

 

ദിലീപ്-അജു വര്‍ഗ്ഗീസ് കൂട്ടുകെട്ട് ജയിലിന് പുറത്തും ദിലീപ്-ഷരഫുദ്ദീന്‍-ഹരീഷ് പെരുമണ്ണ സംഘം ജയിലനകത്തും ചിരിയുണര്‍ത്തുന്നു. ദിലീപിന്റെ നായിക രാധികയായി വേദിക എത്തുന്നു. സിദ്ദിക്ക്, രെഞ്ജി പണിക്കര്‍, സുധീര്‍ സുകുമാരന്‍, കലാഭവന്‍ ഹനീഫ്, കൊച്ചുപ്രേമന്‍, വിനയ പ്രസാദ്, തസ്നി ഖാന്‍, വീണ നായര്‍ എന്നിവരും വേഷമിടുന്നു. ചിത്രത്തിന്റെ രചന ബെന്നി പി. നായരമ്പലത്തിന്റേതാണ്. ഛായാഗ്രഹണം അഴകപ്പനും. ബേണി ഇഗ്നേഷ്യസാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Tags