Skip to main content

 

ഒന്നുകിൽ ലോജിക്ക് വേണം. അല്ലെങ്കിൽ മാജിക്ക് വേണം. മാജിക്കിലൂടെ ലോജിക്കില്ലായ്മ മറച്ചുവെക്കാൻ കഴിഞ്ഞാൽ അതൊരു എന്റർടൈനറായി മാറും. മിലൻ ജലീൽ നിർമ്മിച്ച് ദീപു കരുണാകരൻ സംവിധാനം ചെയ്ത ഫയർമാൻ കണ്ടിറങ്ങുമ്പോൾ എന്തൊരു മണ്ടത്തരം എന്നു തോന്നിപ്പോവുന്നത് മേൽപ്പറഞ്ഞ ലോജിക്കും മാജിക്കും ഇല്ലാതെ പോയതുകൊണ്ടാണ്.

 

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ഫയർഫോഴ്‌സ് സിനിമ എന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ശരിയായിരിക്കാം. എന്നാൽ ഇതു വെറുമൊരു ഫയർമാനല്ല. സേതുരാമയ്യർ ഫയർമാനായി വേഷമിട്ട ചിത്രം കൂടിയാണ്.

 

ഭാവനാരഹിതമായ തിരക്കഥ, താരമൂല്യത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള കഥാപാത്രസൃഷ്ടിയും അവതരണവും. സംവിധായകൻ താരത്തിന്റെ ദാസനായതുപോലെ തോന്നും ചിത്രം കണ്ടാൽ.

 

മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായ ഫയർഫോഴ്‌സ് കമാന്റന്റ് വിജയിനെ അവതരിപ്പിക്കുന്നത്. ഒരു ടാങ്കർ ലോറി മറിഞ്ഞു. എൽ.പി.ജി ഗ്യാസ് ചോരാൻ തുടങ്ങി. അഗ്നിബാധയും ഉണ്ടായി. അവിടെ അഗ്നിശമനസേനയെത്തി നടത്തുന്ന സേവനങ്ങളും മറ്റും ഒരു ഡോകുമെന്ററി പോലെ കണ്ടിരിക്കാം.

 

പക്ഷെ, ആ ടാങ്കർ ലോറി മറിഞ്ഞതല്ലെന്നും മറിച്ചതാണെന്നും അത് തൊട്ടടുത്തുള്ള ജയിലിലെ തടവുപുള്ളിയെ മോചിപ്പിക്കാനുള്ള നാടകമായിരുന്നെന്നും ആ നാടകം പൊളിക്കാൻ കേരള പോലീസിലെ ഉദ്യോഗസ്ഥരൊന്നും പോരാതെ വരുന്നിടത്ത് ഒരു ഫയർമാൻ ഇടപെട്ട് സത്യം പുറത്തുകൊണ്ടു വരുന്നതുമാണ് കഥ. ഇതു തന്നെ ഈ ചിത്രത്തിന്റെ മണ്ടത്തരവും. തീവ്രവാദി ഗ്രൂപ്പിന് ഇതിലും എളുപ്പം ഒരു ബോംബെറിഞ്ഞ് ജയിലു തന്നെ തകർക്കുന്നതല്ലേ എന്നു തോന്നിപ്പോവും.

 

മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു വലിയ ഓപ്പറേഷനു ശേഷവും ചെളിപുരളാതെ നിൽക്കുന്നതും ഫയർ ഓഫീസർ യൂണിഫോമിടാതെ കുട്ടപ്പനായി വേഷം കെട്ടി നിൽക്കുന്നതും കാണുമ്പോഴും നമ്മുടെ സിനിമയുടെ പോക്ക് താരകേന്ദ്രീകൃതമാവുന്നതിന്റെ ദോഷം മനസ്സിലാവും.

 

രതീഷിന്റെ മകൻ പത്മരാജന്റെ കന്നി സിനിമയാണിത്. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട് ആ നടൻ. ആഭ്യന്തരമന്ത്രിയായി ഹരീഷ് പേരടിയും തിളങ്ങുന്നു. സിദ്ദിഖിനെ പോലെ നല്ലൊരു നടനെ എങ്ങിനെ മോശമാക്കാം എന്നതിനും ചിത്രം സാക്ഷ്യം പറയും.

 

ഫയർമാന്റെ പരസ്യവാചകത്തിൽ ഇങ്ങനെ കാണാം. ഇത് തീ കൊണ്ടുള്ള കളിയാണെന്ന്. ശരിയാണ് നിർമ്മാതാവിന്റെ നെഞ്ചിലെ തീ കൊണ്ടാണ് ഈ കളിയെന്നു പറയാം.


 

ഫഹദ് ഫാസിലും ശശിയായി!!!

 

 

എങ്ങനെയുണ്ട് സിനിമ?

ആദ്യ പകുതി മോശമാണ്....

രണ്ടാം പകുതി പറ്റെ പോക്കാണ്..

 

പടം കണ്ടിറങ്ങുമ്പോൾ സരസനായ ഒരു പ്രേക്ഷകൻ തന്റെ കാശ് പോയതിന്റെ സങ്കടം ഇറക്കി വെക്കാൻ തമാശ രൂപത്തിൽ പറഞ്ഞ കമന്റാണിത്. ഇനി ചിത്രം ഏതാണെന്നല്ലേ. ഹരം. പേരിൽ മാത്രമേ അതുള്ളൂ.

 

മലയാള സിനിമയിൽ നിന്ന് അടിയന്തിരമായി നിരോധിക്കേണ്ട ചില ദൃശ്യങ്ങളുണ്ട്. ബർമുഡയും ബനിയനുമിട്ട് കാപ്പി കപ്പും കയ്യിൽ പിടിച്ചു നടക്കുന്ന നായകൻ. ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്നു നഗരത്തെ നോക്കി കാണുന്ന കാഴ്ചകൾ. ന്യൂജൻ തരംഗത്തിലെ ക്ലിഷേ സീനുകളായി ഇത് മാറി കഴിഞ്ഞിരിക്കുന്നു. ഹരം കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത് അതാണ്.

 

ഒരു ചിത്രം പാതി വഴിയിലെത്തുമ്പോഴേക്ക് അതിലെ നായകനോടും നായികയോടും ഒരു ഇഷ്ടം തോന്നണം. അല്ലെങ്കിൽ വെറുപ്പെങ്കിലും തോന്നണം. ഇതൊന്നും തോന്നാതെ ഇവർക്കെന്ത് സംഭവിച്ചാലെന്താ, എവിടെയെങ്കിലും പോയി തുലഞ്ഞാലെന്താ എന്നു തോന്നുന്ന മാനസികാവസ്ഥ. ഹരത്തിന്റെ പാളിച്ച അവിടെ തുടങ്ങുന്നു. രണ്ടാം പാതിയിലെത്തുമ്പോ അതിനൊരു വ്യത്യാസവുമില്ലെന്നു മാത്രമല്ല, നേരത്തെ ഇറങ്ങിപ്പോയാൽ നമ്മുടെ സമയമെങ്കിലും ബാക്കി കിട്ടമല്ലോ എന്ന തോന്നലും ശക്തമാവും. അതുകൊണ്ട് തന്നെ ഹരത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഈ സിനിമ കാണാം. എങ്ങിനെ സിനിമയെടുക്കരുതെന്ന് പഠിക്കണമെന്നുണ്ടെങ്കിൽ മാത്രം.

 

സിനിമയിൽ ഏറെക്കാലം എഡിറ്റിങ് മേഖലയിൽ പണിയെടുത്ത വിനോദ് സുകുമാരനാണ് സംവിധാനം. മലയാളത്തിലെ എത്രയോ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സുകുമാറാണ് നിർമ്മാണം. നായകനാവട്ടെ കുറഞ്ഞകാലം കൊണ്ട് മികച്ച നടനായി പേരെടുത്ത ഫഹദും. എന്നിട്ടും ഇങ്ങിനെയൊരു സിനിമ എങ്ങിനെ സംഭവിച്ചു എന്നതാണ് അതിശയം. തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ കേട്ട ഒരു കമന്റ് കൂടി ഈ ചിത്രത്തിന്റെ യഥാർഥ വിലയിരുത്തലാണ്. അങ്ങിനെ ഫഹദ് ഫാസിലും ശശിയായി.

Tags