Skip to main content

tamaar padaar

 

പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ കഴിയുന്ന ആക്ഷേപഹാസ്യത്തിന്റെ ചേരുവകള്‍ കൃത്യമായൊരുക്കി ദിലീഷ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കന്നിച്ചിത്രമാണ് ടമാര്‍ പഠാര്‍. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് എന്നൊരു അലങ്കാര വാചകവും പ്രത്യക്ഷമാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ സാമാന്യം കസര്‍ത്തുകള്‍ ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്ന്‍ തന്നെയാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്. തുടക്കത്തിലെ താടികളെ വര്‍ണ്ണിച്ചുകൊണ്ടുള്ള പാട്ടില്‍ മനുഷ്യരുടെ താടിയിലും വേര്‍തിരിവുകള്‍ പ്രകടമാണെന്നുള്ള വസ്തുത - മതങ്ങള്‍ പോലെ - എടുത്തു കാട്ടുന്നതും വിട്ടുകളയാന്‍ പാടില്ലാത്ത ഒരു സൂചനയാണ്.

 

ചിത്രത്തില്‍ സവിശേഷമായ അഭിനയം തന്നെയാണ് ഖാലിദ് ഖുറേഷിയെന്ന തീവ്രവാദിയായും ജംബര്‍ തമ്പിയായും ബാബുരാജ് കാഴ്ചവെച്ചിരിക്കുന്നത്. ജംബര്‍ തമ്പിയുടെ കുടുംബാന്തരീക്ഷത്തിലേക്ക് ക്യാമറ ചലിപ്പിക്കുമ്പോള്‍ വന്നുപോയേക്കാവുന്ന പിഴവുകളെ തീര്‍ത്തും വിദഗ്ധമായി ഒഴിവാക്കി എന്നതു തന്നെയാണ് സംവിധായകന്റെ മിടുക്കായി എടുത്തു പറയാവുന്നത്. ട്യൂബ് ലൈറ്റ് മണിയായി വരുന്ന ചെമ്പന്‍ വിനോദും വത്സമ്മയാകുന്ന സ്രിന്ദ അഷാബും ചേര്‍ന്നുള്ള പ്രണയം വളരെ കൈയ്യടക്കത്തോടെ തന്നെ അവതരിപ്പിക്കുന്നു. സവിശേഷമായ പ്രണയരംഗങ്ങളിലെ ഭാവങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ രണ്ടു കഥാപാത്രങ്ങളിലും ഭദ്രമാണ്. 

 

സ്ത്രീവേഷങ്ങളില്‍ ചെമ്പന്‍ വിനോദിന്റേയും ബാബുരാജിന്റേയും കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നിടത്ത് കഥയിലെ വഴിത്തിരിവ് തുടങ്ങുന്നു. ആദ്യപകുതിയിലെ കാഴ്ചകളില്‍ തെളിയുന്ന അമാനുഷികമല്ലാത്ത കഥാപാത്രങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ പൃഥ്വിരാജെന്ന താരത്തെ അവതരിപ്പിക്കുന്നതു മുതല്‍ മാറുന്നു. പൗരന് എന്ന നാമധേയത്തിലെത്തുന്ന പൃഥ്വിരാജിന്റെ പോലീസ് കഥാപാത്രം തിരുവനന്തപുരം ശൈലിയില്‍ വിളമ്പുന്ന ഡയലോഗുകളും ഹീറോയിസത്തിനു വേണ്ടി കാഴ്ച വെയ്ക്കുന്ന രംഗങ്ങളും ചെറുതല്ലാത്ത മടുപ്പ് സമ്മാനിക്കുന്നുണ്ട്. നിര്‍മ്മാതാവിനെ രക്ഷപ്പെടുത്തേണ്ട ബാധ്യത കൂടി കണക്കിലെടുത്തതാകാം എന്ന സംശയത്തിന്റെ ആനുകൂല്യം ഇക്കാര്യത്തില്‍ സംവിധായകന് നല്‍കാം. ഇടതുപക്ഷ കക്ഷിയിലെ പ്രമുഖ നേതാവിനെ ശബരിമലയില്‍നിന്നും പിടികൂടുന്നതിന്റെ സന്ദര്‍ഭം ബോധപൂര്‍വ്വം കഥയില്‍ തുന്നിച്ചേര്‍ത്തതും ഒഴിച്ചുനിര്‍ത്തേണ്ടി വരും. എന്നാല്‍, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മണിയേയും തമ്പിയേയും രക്ഷപ്പെടുത്താന്‍ പൗരന് നടത്തുന്ന ശ്രമങ്ങളിലൂടെ തീവ്രവാദവും മാവോയിസവും പോലുള്ള വിഷയങ്ങള്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ നാടകങ്ങളായി മാറുന്നതും അതില്‍ പൊതുജനങ്ങള്‍ ഇരകളായി മാറുന്നതിന്റേയും ചിത്രം  നല്‍കാന്‍ ദിലീഷ് നായര്‍ക്ക് കഴിഞ്ഞു.

 

കഥാപാത്രങ്ങളെല്ലാം മികച്ചു തന്നെ നില്‍ക്കുന്നു. ബിജിബാലിന്റെ സംഗീതവും ശബ്ദമിശ്രണവും ഹൃദ്യമാണ്. വാണിജ്യ സിനിമയുടെ ചേരുവയില് തന്നെയാണ് ടമാര്‍ പഠാര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തില്‍ നോക്കിക്കാണാനുള്ള ശ്രമവും സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു. മലയാള സിനിമയില്‍ കഥയ്ക്കുള്ളിലെ പരീക്ഷണങ്ങള്‍ക്കാണ് എപ്പോഴും മുന്‍തൂക്കം ലഭിക്കുത്. ഒരുപക്ഷേ, കഥപറച്ചിലിനെ വലിച്ചുനീട്ടുന്ന ഭാഗങ്ങള്‍ ഒഴിവാക്കി കുറച്ചു കൂടി ശ്രദ്ധയോടെ ഒരുക്കിയിരുന്നെങ്കില്‍ ടമാര്‍ പഠാര്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പട്ടികയിലക്ക് എടുത്തുയര്‍ത്തപ്പെട്ടേനെ.

Tags