Skip to main content

 

തെറ്റായ സമയത്ത് തെറ്റായ ഇടത്ത് കുന്നോളം സഹജീവിസ്നേഹത്തോടെ ജീവിക്കേണ്ടി വന്ന പത്തൊമ്പതുകാരന്‍ കോളേജ് വിദ്യാര്‍ഥിയുടെ കഥയാണ് രാജീവ് രവി രണ്ടാം വരവില്‍ പറയുന്നത്. അന്നയും റസൂലും പറഞ്ഞ അതേ കഥപറച്ചില്‍ രീതി തന്നെയാണ് ഞാന്‍ സ്റ്റീവ് ലോപസിലുമുള്ളത്. ഒരു രാജീവ് രവി സ്റ്റൈല്‍.

 

ഡിവൈ.എസ്.പി ജോര്‍ജ് ലോപസിന്റെ മകനാണ് സ്റ്റീവ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥി. ബാല്യകാല സുഹൃത്തും അയല്‍വാസിയുമായ അഞ്ജലിയോട് അവനു സ്നേഹമുണ്ട്. അവന്റെ സഹപാഠി കൂടിയാണ് അവള്‍. കോളേജിലേക്കു പോകാന്‍ അഞ്ജലിയെ ബസു കാത്തു നില്‍ക്കുമ്പോള്‍ സ്റ്റീവ് ഒരു കൊലപാതക ശ്രമത്തിന് സാക്ഷിയാകുന്നു. അതു ചെയ്തവരിലൊരാളായ ഹരിയും സ്റ്റീവും തമ്മിലുണ്ടാകുന്ന പേരിട്ടുവിളിക്കാനാകാത്ത ബന്ധവും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് രാജീവ് രവി സ്റ്റീവിലൂടെ പറയുന്നത്.

 

ഒരു തരത്തില്‍ സ്റ്റീവ് ഇന്നത്തെ ശരാശരി യുവാക്കളുടെ പ്രതിനിധിയാണ്. കള്ളുകുടി മുതല്‍ വാട്‌സ് ആപ് വരെ. മറ്റുള്ളവരില്‍നിന്ന് അവനെ മാറ്റി നിര്‍ത്തുന്നത് ഇതുവരെ നഷ്ടമായിട്ടില്ലാത്ത നിഷ്കളങ്കതയും സഹജീവിസ്നേഹവുമാണ്. അത് അവന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു. സ്റ്റീവിന്റെ അച്ഛന്‍ പറഞ്ഞതുപോലെ മരിക്കാന്‍ കിടക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതു പോലും വേണ്ടാത്ത കാര്യമാണ്. അതില്‍ തലയിടാന്‍ പാടില്ല.

 

രാജീവ് രവിയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനത്തിന്റെതാണ് തിരക്കഥ. അന്നയും റസൂലും എഴുതിയതും സന്തോഷ് തന്നെ. ഗീതു മോഹന്‍ദാസും ഏച്ചിക്കാനവും ചേര്‍ന്നാണ് സംഭാഷണം എഴുതിയത്. കൊലപാതകശ്രമത്തിനിടെ മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച സ്റ്റീവിനോട് അഞ്ജലി ചോദിക്കുന്ന നിനക്കിതിനു മാത്രം ധൈര്യം എവിടുന്നുണ്ടായി എന്ന ചോദ്യവും, പരിക്കേറ്റ ഹരിയുടെ കാര്യം പൊലീസുകാരു നോക്കിക്കോളും എന്നു ഡിവൈ.എസ്.പിയായ അച്ഛന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പൊലീസല്ലേ എന്ന സ്റ്റീവിന്റെ ചോദ്യവും അവയിലെ സ്വഭാവികത കൊണ്ട്  മനസില്‍ തങ്ങിനില്‍ക്കുന്നു. സ്റ്റീവിന്റെ പ്രണയിനിയും ഹരിയുടെ ഭാര്യയും അഞ്ജലിയായതും, അഞ്ജലിയെന്നു തുടങ്ങുന്ന അവരുടെ സെല്‍ഫോണ്‍ റിങ്‌ടോണുകളും അവരെ കൂട്ടിക്കെട്ടുന്ന നേര്‍ത്ത ചരടുകളാണ്. തട്ടിക്കൊണ്ടു പോകുന്നവന്റെ വണ്ടിയായി മാരുതി ഓമ്‌നി വീണ്ടും സിനിമയിലെത്തുന്നുണ്ട്.

 

എസ്. രാധാകൃഷ്ണന്റെ പശ്ചാത്തല സംഗീതം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. വേണ്ടിടത്തു മാത്രമുള്ള ലളിതമായ മ്യൂസിക്, ഇപ്പോള്‍ വരുമെന്നു കരുതി കാത്തിരിക്കുമ്പോള്‍ ഇല്ലാതിരിക്കുന്ന മ്യൂസിക്- രണ്ടും സിനിമയുടെ ആകെയുള്ള കേള്‍വിക്ക് ഭംഗി കൂട്ടും. കുനാല്‍ ശര്‍മയാണ് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹ്ബാസ് അമന്‍ നല്‍കിയ സംഗീതവും മോശമാക്കിയില്ല. സങ്കടത്തോടെ  സ്റ്റീവ് വീട്ടില്‍ നിന്നിറങ്ങിപ്പോയപ്പോഴുള്ള പാട്ട് ചിലപ്പോള്‍ എന്തായിത് എന്ന് തോന്നിക്കും. എന്നാല്‍ വഴിമാറി നടക്കാനുള്ള രാജീവ് രവിയുടെ ശ്രമത്തിന്റെ ഭാഗമാണ് അതും.

 

പുത്തന്‍തോപ്പ് ഗ്രാമവും ഇടവഴികളും വയല്‍ക്കരയിലെ പ്രഭാതവും തിരുവനന്തപുരം നഗരവും യൂണിവേഴ്‌സിറ്റി കോളേജിന്റെ അകവും പുറവും എല്ലാം സുന്ദരമായി ഫ്രെയിമിലാക്കിയത് പപ്പുവാണ്. സ്റ്റീവില്‍ തിരുവനന്തപുരത്തിന് പുതിയ കാഴ്ചയുണ്ടാകുന്നു.

 

തുടക്കക്കാരന്റെ പരിഭ്രമങ്ങളൊന്നുമില്ലാതെ സ്റ്റീവ് ഫര്‍ഹാന്‍ ഫാസിലിന്റെ കൈയില്‍ സുരക്ഷിതനാണ്. ഹരിയെന്ന കൊലപാതകിയായും ഭര്‍ത്താവായും അച്ഛനായും സുജിത് ശങ്കറിന്റെ അഭിനയം എടുത്തു പറയേണ്ടതും. അഞ്ജലിയായി അഹാന കൃഷ്ണകുമാറും നന്നായി. തിരുവനന്തപുരം 'അഭിനയ'യിലെ അഭിനേതാക്കളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രെഡി പാപ്പനായി അനില്‍ നെടുമങ്ങാടും പ്രതാപനായി വിനായകനും ഉഷാറാക്കി.

 

സ്റ്റീവിന്റെ കഥ വെറും ഒരു സിനിമയല്ല. ഇന്നത്തെ മാതാപിതാക്കള്‍ക്കുള്ള ഒരു സമ്മാനമാണ്. സ്വന്തം കാര്യം മാത്രം നോക്കി നടന്നാല്‍ മതിയെന്നു പഠിപ്പിക്കുന്ന, വേറൊരാളുടെ സങ്കടം തന്റെ വിഷയമല്ലെന്നു ശീലിപ്പിക്കുന്ന, അവനവനിലേക്കു ചുരുങ്ങാന്‍  നിര്‍ബന്ധിക്കുന്ന അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമുള്ള സമ്മാനം. റിയലിസ്റ്റിക്കായ 116 മിനുട്ട് തീരുന്നില്ല എന്നു തോന്നുമെങ്കിലും ഞാന്‍ സ്റ്റീവ് ലോപസ് കഴിഞ്ഞിറങ്ങുമ്പോള്‍ എവിടെയോ ഒരു വിഷമം ബാക്കി നില്‍ക്കും.


മാദ്ധ്യമപ്രവര്‍ത്തകനാണ് ബാല.

Tags