കഥയുടെ സുഗന്ധമുള്ള ചലച്ചിത്രങ്ങള്‍ കാണാന്‍ ഇന്ന് മലയാളത്തിന്റെ തിരശീല നമുക്ക് അത്രയൊന്നും അവസരം തരുന്നില്ല. സ്കിറ്റുകള്‍ക്ക് സമാനമായ തമാശകളും അര്‍ത്ഥരഹിതമായ ജീവിത ചിത്രങ്ങളുമൊക്കെ നമ്മുടെ സിനിമക്ക് വിഷയമാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായല്ലോ? റോഷന്‍ ആന്‍ട്രൂസിന്റെ ഹൌ ഓള്‍ഡ് ആര്‍ യൂ ഇവക്കെല്ലാം മറുപടിയാണെന്ന് മാത്രമല്ല തികച്ചും പ്രസക്തമായ വിഷയം മലയാളിക്ക് ചര്‍ച്ചക്ക് നല്‍കുന്നു എന്നത് കൊണ്ട് കൂടി ശ്രദ്ധേയമാണ്.
വിവാഹാനന്തരം സ്ത്രീ ജീവിതത്തിന് സംഭവിക്കുന്ന രാസപരിണാമങ്ങള്‍ നമ്മുടെ ചെറുകഥകള്‍ക്കും നോവലിനും എത്രയോ തവണ വിഷയമായിട്ടുണ്ട്. സിനിമ ആ മേഖലയിലേക്ക് അങ്ങനെ എത്തി നോക്കിയിട്ട് പോലുമില്ല. അവിടെക്കാണ് റോഷന്‍ ഇത്തവണ തന്റെ ക്യാമറയുമായി ചെല്ലുന്നത്.
സ്വജീവിതവും സ്വത്വവും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടി പകുത്ത് തീര്‍ത്ത് നല്ല ഭാര്യ, നല്ല അമ്മ എന്നീ ടാഗുകള്‍ സ്വന്തമാകി "വീരചരമം” പൂകുകയല്ല സ്തീയുടെ ധര്‍മ്മമെന്ന് ഈ ചിത്രത്തിലൂടെ റോഷന്‍ നന്നായി പറയുന്നുണ്ട്. സ്ത്രീയുടെ റോള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ പൊതു സമൂഹത്തെ നിര്‍ബന്ധിക്കും വിധം ശക്തമാണ് സഞ്ജയ്-ബോബിയുടെ തിരക്കഥയും.
പലപ്പോഴും ഒരു ചലച്ചിത്രം എന്നതിനപ്പുറം നമുക്കിടയില്‍ ഇരുന്ന് ആരോ ചിലതൊക്കെ ഓര്‍മിപ്പിക്കുന്ന അനുഭവമാണ് ഹൌ ഓള്‍ഡ് ആര്‍ യൂ നല്‍കിയത്. അതും നാം ബോധപൂര്‍വ്വം മറന്ന് കളയുന്ന ചിലകാര്യങ്ങള്‍. അത് കൊണ്ടുതന്നെ “തനി” പുരുഷപ്രജകളെ ചിത്രം രോഷാകുലരാക്കിയേക്കും. എങ്കില്‍ റോഷനും സഞ്ജയും വലിയ വിജയം നേടിയെന്ന് പറയാം.
മഞ്ജു വാര്യരാണ് ചിത്രത്തിന്റെ കാതല്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആ മഞ്ജുവിനെ നാം അതേപടി കാണുന്നു. തികച്ചും സ്വയം നിയന്ത്രിച്ചും ഇടക്ക് പെര്‍ഫോം ചെയ്യേണ്ടിയിടത്ത് അത് നന്നായി അനുഭവിപ്പിച്ചും ഈ താരം ഹൌ ഓള്‍ഡ് ആര്‍ യുവില്‍ ഒട്ടും ഓള്‍ഡ് ആവാതെ നില്‍ക്കുന്നു. പ്രതിഭകള്‍ ഇങ്ങനെയാവാം കാലത്തെത്തന്നെ അതിജീവിക്കുന്നത്.
കലവൂര്‍ രവികുമാര്‍