Skip to main content

vs at munnar

 

എഴുപത്തിയഞ്ചുകൊല്ലത്തിലധികം രാഷ്ട്രീയപ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് വി.എസ് അച്യുതാനന്ദൻ. തൊന്നൂറ്റിരണ്ടാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തി ജീവിതം കേരള ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളും യോഗയും വ്യായാമവും ഒക്കെ ചെയ്യുന്നതിന്റെ ഗുണം അനുഭവിക്കുന്നത് കേരള ജനതയാണ്. അതിനർഥം വി എസ് പൂർണ്ണനായ വ്യക്തി എന്നല്ല. അദ്ദേഹത്തിന് അധികാരത്തോട് മോഹമുണ്ട്, പക കെടാതെ മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ്, പിടിവാശികളുണ്ട്. എന്നിരുന്നാലും കേരളത്തിൽ ജനങ്ങൾക്ക് നിലവില്‍ പ്രതീക്ഷയോടെ നോക്കാൻ കഴിയുന്ന ഏക നേതാവാണ് വി.എസ്. ഏക പിടിവള്ളിയാണ്. ഒരു നിമിഷം ആലോചിച്ചു നോക്കിയാൽ മനസ്സിലാകും, അത്രയെങ്കിലും അർപ്പിതമായി പ്രവർത്തിക്കുന്ന മറ്റൊരു നേതാവ് കേരളത്തിൽ ഇല്ലെന്നുള്ളത്. വ്യക്തിപരമായ പോരായ്മകളുണ്ടെങ്കിലും കഴിഞ്ഞ എഴുപത്തിയഞ്ചുകൊല്ലം കേരള ജനതയ്ക്കു വേണ്ടി വി.എസ് തന്റെ ജീവിതം ചെലവഴിച്ചു. ഇത്രയും കൊല്ലത്തെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം സ്വന്തമായി ആലപ്പുഴയിൽ നിർമ്മിച്ച വീട് വർത്തമാന കേരളത്തിലെ നിലവാരമനുസരിച്ച് നോക്കേണ്ടതാണ്. ആ വീടിന്റെ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ചത് കോഴിക്കോട്ടെ പ്രശസ്ത ആർക്കിട്ടെക്ടായ രമേഷാണ്. വി.എസ് തന്റെ  കൈവശമുണ്ടായിരുന്ന തുച്ഛമായ തുക ഏൽപ്പിച്ചിട്ട് അതിനകത്തു നിർത്തി ഒരു വീട് വച്ചു തരണമെന്ന് പറഞ്ഞത് ആർക്കിട്ടെക്ട് രമേഷ് ഓർക്കാറുണ്ട്. ഒടുവിൽ വീടുപണി പൂർത്തിയാക്കാൻ അദ്ദേഹം വല്ലാതെ കഷ്ടപ്പെട്ടു. സ്വന്തം നിലയിൽ പോലും തുക മുടക്കാൻ വേണമെങ്കിൽ രമേഷ് തയ്യാറായിരുന്നു. അതുപോലും വി.എസ് സമ്മതിക്കുകയുണ്ടായില്ല. ഒടുവിൽ അദ്ദേഹം കൊടുത്ത തുകയ്ക്കുള്ളിൽ നിന്നുകൊണ്ട് കഷ്ടപ്പെട്ടാണ് ആ വീട് പൂർത്തിയാക്കിയത്. വി.എസ്സിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും ജിവിതം നിമിത്തം ലക്ഷക്കണക്കിന് മലയാളികൾക്ക് വൻ വീടുകളും മണിമാളികകൾ പോലുള്ള വീടുകളും നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവായും അനുഭവിച്ച സൗകര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ ആസ്വാദനത്തിനല്ല വിനിയോഗിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം സാന്നിദ്ധ്യമറിയിച്ചും വിഷയങ്ങളിലിടപെട്ടും നീങ്ങിയ വി.എസ്സിന് ആ സൗകര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അത് കേരള ജനതയുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലാകുമായിരുന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരമുഖത്തു പോലും അദ്ദേഹം എത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചത് സമീപകാല ചരിത്രം.

 

വി.എസ് അച്യുതനാന്ദന് ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യാനാകില്ല. സാധാരണ കാറിൽ യാത്ര ചെയ്താലുണ്ടാവുന്ന കുലുക്കം പോലും അദ്ദേഹത്തിന്റെ ശരീരത്തിനു താങ്ങാനാവില്ല. ബുദ്ധിക്കും വീറിനും പ്രവർത്തനത്തിനും തെല്ലും മാന്ദ്യം സംഭവിച്ചിട്ടില്ലെങ്കിലും ശാരീരികമായി അദ്ദേഹത്തിന് ചെറിയ പരസഹായം വേണം. അതിനർഥം അദ്ദേഹം അനാരോഗ്യം നേരിടുന്നു എന്നല്ല. ഒരു ജനതയ്ക്കു വേണ്ടി ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ പോലും വിശ്രമിക്കാതെ ജാഗ്രതയോടെ ഇരിക്കുന്ന വി.എസ്സിന് ജനങ്ങളുടെ അടുത്തെത്താനും മറ്റുമായി സ്വന്തം നിലയിൽ സംവിധാനം ഏർപ്പെടുത്തുക സാധ്യമല്ല. അദ്ദേഹത്തിന് അങ്ങനെയൊരാവശ്യമുണ്ടെന്നറിഞ്ഞാൽ ഒരു ദിവസം കൊണ്ടു തന്നെ കൊട്ടാരം വാങ്ങാനുള്ള ധനം കേരളത്തിലെ ജനത മത്സരിച്ച് കൊടുക്കാൻ തയ്യാറാവും എന്നുള്ളതും ഓർക്കാവുന്നതാണ്. അത്തരത്തിലുള്ള വി.എസ് ശക്തിമാൻ തന്നെ. അധികാരമില്ലെങ്കിലും. ആ ശക്തിയോടെ വി.എസ് തുടരുന്നത് ഇഷ്ടപ്പെടാത്ത കേന്ദ്രങ്ങൾ ഉണ്ടാകും എന്നുള്ളത് യാഥാർഥ്യമാണ്. പ്രത്യേകിച്ചും ഭരണത്തിലേറിയ ഔദ്യോഗിക പക്ഷം. അവർക്ക് തലവേദനയില്ലാതെ നീങ്ങണമെങ്കിൽ വി.എസ് ഘടകം കേരളത്തിൽ ഇല്ലാതാകണം. അതിന് അദ്ദേഹത്തിന്റെ വിശ്വാസ്യതയും കേരളമനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനവും ഇല്ലാതാക്കുകയാണ് എളുപ്പ വഴി. മൂല്യമുള്ളതിന്റെ മൂല്യം ഇല്ലാതായാൽ നോട്ട് വെറും കടലാസാകുന്നതുപോലെയാകും.

 

വി.എസ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സ്ഥാനമാനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടുത്തുവെന്ന് പറയുന്ന കത്തിനെ ആധാരമാക്കി കേരളത്തിലെ ചാനലുകൾ നടത്തിയ ചർച്ച ആ ശ്രമത്തെ സഹായിക്കുന്നതിനുവേണ്ടിയല്ലെന്ന് കരുതുക വയ്യ. ഏതു ചോദ്യം ചോദിച്ചാലും ഉത്തരം തുറന്നു പറയാത്ത രീതിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്കുള്ളത്. വി.എസ് അത്തരത്തിൽ ഒരു കത്തു കൊടുത്താൽ പോലും പതിവ് മറുപടി പറഞ്ഞ് മാറാമായിരുന്ന ഔചിത്യം യെച്ചൂരി കാണിക്കാതിരുന്നതും യാദൃച്ഛികമല്ല. വി.എസ്സിനെ പ്രചാരണ രംഗത്തിറക്കി തെരഞ്ഞെടുപ്പ് വിജയം വരിച്ചതിനു ശേഷം ആ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവായ വി.എസ്സിനെ അപമാനിക്കുന്ന തരത്തിൽ അത് പുറത്തു പറഞ്ഞ യെച്ചൂരിയുടെ നിലപാടിനു പിന്നിൽ പ്രവർത്തിച്ച സമീപനത്തോളം അപകടകരമല്ല വി.എസ് അത്തരത്തിൽ ഒരു കത്തു കൊടുത്തിട്ടുണ്ടെങ്കിലും.

 

വി.എസ്സിന്റെ കുടുംബാംഗങ്ങൾ അധികാരത്തിന്റെ തൊങ്ങലുകൾ ആസ്വദിക്കുന്നവർ തന്നെ. അവർ ശരാശരി മലയാളിയുടെ അവസ്ഥയിൽ ജീവിക്കുന്ന നമ്മളുടെ ഭാഗം തന്നെ. വി.എസ്സിന് ഔദ്യോഗിക സ്ഥാനം നൽകിയാൽ ഉണ്ടാകുന്ന അധിക ചെലവ് സംസ്ഥാനത്തിന് നഷ്ടമുണ്ടാകുന്നതല്ല. അത് കേരള ജനതയുടെ ജീവിതത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. കേരള ജനതയുടെ നികുതിപ്പണം അവരുടെ ഗുണത്തിനു വേണ്ടി ഉപയോഗിക്കുന്നത് പാഴ്‌ചെലവായി കാണാനും കഴിയില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളീയർക്കു വേണ്ടി എഴുപത്തിയഞ്ചു കൊല്ലം ശാരീരികവും മാനസികവുമായി വ്യക്തിപരമായ യാതനകൾ അനുഭവിച്ച, ഇന്നും അക്ഷരാർഥത്തിൽ കാവലാളായി തുടരുന്ന വി.എസ്സിനെ ഒറ്റ സന്ധ്യ കൊണ്ട് ചാനലുകൾ നികൃഷ്ടനെ പോലെ ചിത്രീകരിക്കുന്നത് അവർ വി.എസ്സിൽ ആരോപിക്കുന്ന നികൃഷ്ടതയുമായി തട്ടിച്ചു നോക്കേണ്ടതാണ്. ഒരു ജനതയുടെ സാമൂഹികവും മാനുഷികവുമായ പ്രതിരോധത്തെ ഇല്ലാതാക്കി ആർക്കോ വേണ്ടി  അവരെ ഒരുക്കി നിർത്തുന്നതുപോലുള്ള പ്രവൃത്തിയാണത്.