Skip to main content

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചരിത്രപ്രധാനം തെന്ന. ഒപ്പം അങ്ങേയറ്റം അനിവാര്യമായതും. കേരളത്തില്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധമൊഴിയുന്നത് വിരളമാണെങ്കിലും വടക്കേ ഇന്ത്യയില്‍ നിരുത്തരവാദപരമായി അതുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ച് തലാഖ് ചൊല്ലി ഒഴിവാക്കപ്പെട്ട അഞ്ച് സ്ത്രീകളുടെ ജീവിതത്തിലേക്കു നോക്കിയാല്‍ ഇത്തരമൊരു വിധിയുടെ അനിവാര്യത ബോധ്യമാകും. എന്നാല്‍ കേരളത്തിലുള്‍പ്പടെയുള്ള മുസ്ലീം പണ്ഡിതന്‍മാരില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഈ സുപ്രീംകോടതി വിധിക്കെതിരെ അനുകൂലമായ പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഭാര്യയുടെ ആര്‍ത്തവ സമയത്ത് തങ്ങള്‍ക്ക് ലൈംഗികാവശ്യം നിറവേറ്റേണ്ടതിനെ ബഹുഭാര്യത്വത്തെ ന്യായീകരിക്കുന്നതിനായി ഉയര്‍ത്തിക്കാട്ടിയ മതനേതാവാണ് കാന്തപുരം അബുബക്കര്‍  മുസലിയാര്‍. അദ്ദേഹം ഈ വിധിയെ എതിര്‍ത്തിരിക്കുന്നു. അപ്പോള്‍ വന്‍ സ്വാധീനമുള്ള കേരളത്തിലെ മതനേതാക്കളില്‍ പോലും നിലനില്‍ക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാണ്. അത് അപരിഷ്‌കൃതം തന്നെ.ഈ വിധി മുസ്ലീം സമുദായത്തിലെ സ്ത്രീകളിലെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുള്ളതില്‍ സംശയമില്ല. കേരളത്തില്‍ പോലും അവരനുഭവിക്കുന്ന നീതി നിഷേധത്തിന്റെ ആഴം കാന്തപുരം മുസലിയാരുടെ കാഴ്ചപ്പാടില്‍ നിന്ന് വായിച്ചെടുക്കാം.

       ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നത് ബി ജെ പിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇപ്പോള്‍ ആ വിഷയം ലാ കമ്മീഷന്റെ പരിശോധനയിലാണ്. തലാഖ് സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയെ മാധ്യമമാക്കി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയെന്ന നിലയ്ക്കുള്ള ചര്‍ച്ച ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വിശേഷിച്ചും ചാനലുകള്‍. സാമൂഹ്യമായ പ്രതിബദ്ധതയെയും കാഴ്ചപ്പാടിനെയുമൊക്കെ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ ചര്‍ച്ച നയിക്കുന്നതെന്നാണ് അവതാരകരുടെ അവകാശം. വിശേഷിച്ചും കേരളത്തില്‍ . എന്നാല്‍ തങ്ങളുടെ ചാനലുകളുടെ റേറ്റിംഗ് വര്‍ധിപ്പിക്കുക എന്ന മുഖ്യ അജണ്ടയിലുറച്ചു നിന്നുകൊണ്ടാണ് ചര്‍ച്ചകള്‍ നടത്തപ്പെടുന്നത്. അതവര്‍ക്കുമറിയാം .പങ്കെടുക്കുന്നുവര്‍ക്കും കാഴ്ച്ചക്കാര്‍ക്കും അറിയാം. അതിനുവേണ്ട അവശ്യം സംഗതിയാണ് ചര്‍ച്ചയ്ക്ക ് എരിവും പുളിയും ഉണ്ടാക്കുക. ഈ വിധി മുസ്ലീം സമുദായത്തില്‍ ആശ്ങ്ക ജനിപ്പിക്കുന്നു എന്ന  അഭിപ്രായത്തില്‍ അവതാരകര്‍ എത്തിച്ചേരുന്നു. ആ ദിശയിലേക്ക് അവര്‍ ചര്‍ച്ചയും നടത്തുന്നു.

       ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ചര്‍ച്ചകളും അവരുടെ അഭിപ്രായത്തോടു ചേര്‍ന്നു നില്‍ക്കുന്ന ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും എല്ലാവരും കൂട്ടായി ആശങ്കാസിദ്ധാന്തം പ്രചരിപ്പിക്കുന്നു. ഈ ആശങ്ക ജനിപ്പിക്കുന്ന ചര്‍ച്ചയിലൂടെ ഏകീകൃത സിവില്‍ കോഡ് വീണ്ടും കേന്ദ്രബുന്ദുവായി മാറുന്നു. ബി ജെ പിയുടെ ഭാഗത്തു നിന്ന് രാഷ്ട്രീയമായി ഒന്നും ചെയ്യാതെ തന്നെ അവര്‍ക്കനുകൂലമായ അന്തരീക്ഷം ഈ ചര്‍ച്ച നടത്തുന്നവരും ആശങ്കാ വിതരണക്കാരും സൃഷ്ടിക്കുന്നു. ചര്‍ച്ചകളിലൂടെ ഏകീകൃത സിവില്‍ കോഡ് ഏതാണ്ട് വന്നുവെന്ന അന്തരീക്ഷത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഇതാണ് ബി ജെ പിക്ക് തങ്ങളുടെ അജണ്ട അനായാസം നടപ്പിലാക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നത്.

      കൂട്ടായി എതിര്‍ക്കപ്പെടുമ്പോള്‍ എതിര്‍ക്കപ്പെടുന്നത് ശക്തി പ്രാപിക്കും. അതിനുള്ള  ഉദാത്ത ഉദാഹരണമാണ് പ്രധാനമന്ത്രി മോദി. ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമായിരുന്ന വ്യക്തിയാണ് മോദി. സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹത്തെ പോലെ എതിര്‍ക്കപ്പെട്ട രാഷ്ട്രീയ നേതാവുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നു പോലും.അദ്ദേഹം എതിര്‍ക്കപ്പെടുന്നതനുസരിച്ച് അദ്ദേഹത്തിന്റ ശക്തി വര്‍ധിച്ചു വരുന്നു. ഇത് സ്വാഭാവിക തത്വമാണ്. എതിര്‍പ്പുകളെ സൃഷ്ടിപരമായെന്ന വണ്ണം വിനിയോഗിക്കാനുള്ള കൗശലവും സംവിധാനവും ഇന്ന് മോദിക്കും ബി ജെ പിക്കുമുണ്ട്.

     ആശങ്ക പരത്തുമ്പോള്‍ ദുര്‍ബലരായ ജനത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തനായ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ചിത്രമാണ് മനുഷ്യമനസ്സിന്റെ അടിത്തട്ടിലേക്ക് പതിക്കുന്നത്. ശക്തന്റെ മുന്നില്‍ ദുര്‍ബലര്‍ക്ക് നിലനില്‍പ്പില്ല. ജനം ദുര്‍ബലമായിരിക്കുമ്പോള്‍ അവര്‍ക്ക് ശക്തി പകരുക എന്നതാണ് ജനയാത്ത സംവിധാനത്തില്‍ നേതാക്കളും മാധ്യമങ്ങളും ചെയ്യേണ്ടത്. പകരം ദൗര്‍ബല്യത്തില്‍ നിന്ന് വിഷാദത്തിന്റെ തലത്തിലേക്ക് ജനങ്ങളെ നയിക്കുന്ന വിധമാണ് നേതാക്കളും മാധ്യമങ്ങളും പെരുമാറുന്നത്. ഇത് ഫലത്തില്‍ ജനായത്ത സംവിധാനത്തെയാണ് പരാജയപ്പെടുന്നത്. സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ മുത്തലാഖ് വിഷയിത്തിലും ഇപ്പോള്‍ നടക്കുന്നത് അതാണ്.

 

Tags