ഹൈക്കോടതി ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദിച്ചു, വെറുമൊരു പോലീസ് കോൺസ്റ്റബിളായ മുഖ്യമന്ത്രിയുടെ മുൻഗൺമാന്‍ സലിം രാജിനെ ഡി.ജി.പി ഉൾപ്പടെയുള്ള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പേടിയാണോ എന്ന്. ഹൈക്കോടതിയുടെ ഈ ചോദ്യവും കേരളം വെറുമൊരു ചോദ്യമായി കേട്ടു. ആരും ഉത്തരം പറഞ്ഞതുമില്ല. ഹൈക്കോടതിയുടെ ഈ ചോദ്യവും ചോദ്യത്തിന് സാഹചര്യമൊരുക്കിയ കേസും കേരളസംസ്ഥാനഭരണത്തിന്റെ പൊതു അവസ്ഥയെ സുവ്യക്തമായ രീതിയിൽ വെളിപ്പെടുത്തുന്നു. ആ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടയിലുളള വർത്തമാനകാലപോരിനെ കാണേണ്ടത്. മുഖ്യമന്ത്രിയുടെ ധാർമ്മികവും ജനങ്ങൾ അദ്ദേഹത്തിൽ നിക്ഷേപിച്ചിട്ടുള്ളതുമായ അധികാരമാണ് അവരുടെ ഈ പോരിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ അല്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ഭയക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണ് ഉമ്മൻ ചാണ്ടിയിലൂടെ കേരളം ഇപ്പോൾ കണ്ടുനിൽക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോളാര്‍ കേസ്സ് അതിജീവിച്ചതിൽ നിന്ന് ആർജിച്ച അനുഭവസമ്പത്തിലൂടെ ഈ വിഷയത്തേയും നേരിടാൻ ശ്രമിക്കുന്നു. പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട്.
ഐ.എ.എസ് പോരിൽ ഉയർന്നുവന്നിരിക്കുന്ന വിഷയം കൂലങ്കഷമല്ല. ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷൻ കെ.എം. ചന്ദ്രശേഖറെ മുഖ്യമന്ത്രി ഒത്തുതീർപ്പിനായി നിയോഗിച്ചിരിക്കുന്നു. അതുതന്നെ, മുഖ്യമന്ത്രി ഈ വിഷയത്തെ നേരായ രീതിയിൽ കാണുന്നതിനു പകരം ഐ.എ.എസുകാരുടെ സംഘടനയ്ക്കുള്ളിലും ഉദ്യോഗസ്ഥർ തമ്മിലുമുള്ള പ്രശ്നമായി കാണുന്നതുകൊണ്ടാണ്. ഐ.എ.എസുകാരുടെ ആരോപണപ്രത്യാരോപണങ്ങളിലൂടെ പുറത്തുവന്നിരിക്കുന്ന വിഷയം ഐ.എ.എസ് ഉദ്യോഗസ്ഥർ, അതായത് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർ അനധികൃത സ്വത്ത് സമ്പാദനവും മറ്റ് അനധികൃത ഇടപെടലും നടത്തിയിരിക്കുന്നു എന്നാണ്. ചീഫ് സെക്രട്ടറി തനിക്കെതിരെ തന്റെ സഹപ്രവർത്തകർ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന് മറുപടിയായി മാധ്യമപ്രസ്താവന ഇറക്കിയിരിക്കുന്നു. രാഷ്ട്രീയനേതാക്കളുടെ വിശദീകരണം പോലെ. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെങ്കിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതായിരുന്നു. അറിവോടയല്ലെങ്കിൽ ആ ചീഫ് സെക്രട്ടറിയെ തൽസ്ഥാനത്തു തുടരാൻ അനുവദിക്കുന്നത് ജനായത്ത സംവിധാനത്തിൽ യോജിച്ചതല്ല. അച്ചടക്കമര്യാദകള്‍ ചീഫ് സെക്രട്ടറി തെറ്റിക്കുകയാണെങ്കിൽ സംസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥരാല്‍ അത് പാലിക്കപ്പെടണമെന്ന് പ്രതീക്ഷിക്കപ്പെട്ടുകൂടാ.
ചീഫ് സെക്രട്ടറി ചെയ്യേണ്ടിയിരുന്നത് മാധ്യമപ്രസ്താവനയുമായി സ്വയം ന്യായീകരിച്ച് ജനങ്ങളുടെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു പകരം ഇത്തരം ആരോപണത്തേക്കുറിച്ച് ഉചിതമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയെ ഉപദേശിക്കുകയായിരുന്നു. അദ്ദേഹമതു ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി സ്വമേധയാ അത് ചെയ്യാൻ ബാധ്യസ്ഥനായിരുന്നു. അതിനുപകരം ആ വിഷയത്തിലേക്കു വരാതെ വെറും ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമായി മുദ്രകുത്തി അതു ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് ഒരാളെ നിയോഗിച്ചത് നീതീകരിക്കാനാവില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇത്തരം സമീപനങ്ങളാണ് ഉദ്യോഗസ്ഥ മേധാവിത്വത്തെ വഴിവിട്ട വഴികളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം വികസന ഉദ്യോഗസ്ഥർ പലപ്പോഴും വികസനത്തിന് സഹായിക്കുന്നതിനു പകരം വികസനത്തെ സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതും കാണുന്നു. അതും പരസ്യമായി.
എന്തായാലും ഇപ്പോഴത്തെ പ്രശ്നം ചാനലുകൾ വിശേഷിപ്പിക്കുന്നതുപോലെ ഐ.എ.എസുകാർക്കിടയിലെ പോരല്ല, മറിച്ച് ഐ.എ.എസുകാർക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ കഴമ്പുള്ളതാണോ അല്ലയോ എന്നുള്ളതാണ്. ആരോപണം ഉന്നയിച്ചുള്ളവരും ഐ.എ.എസുകാരായ സ്ഥിതിക്ക് അത് അവാസ്തവമാണെങ്കിൽ അത്തരം പ്രവണതകളും അവസാനിപ്പിക്കേണ്ടതാണ്. അതു തിട്ടപ്പെടുത്താനുള്ള സ്വതന്ത്രമായ അന്വേഷണത്തിനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. ചാനലുകൾ വിവാദത്തെ ഒന്നുകൂടി കൊഴുപ്പിക്കാനായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.സി സനൽ കുമാറിന്റെ അഭിപ്രായത്തെ ആധാരമാക്കിക്കൊണ്ട് സവർണ്ണമേധാവിത്വപ്രശ്നം ഉയർത്തിക്കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. അതും യഥാർഥ വിഷയത്തിൽ നിന്ന് ജനശ്രദ്ധ അകറ്റുന്നതിന് കൂടുതൽ സഹായകമാവുകയേ ഉള്ളു. ഈ മാധ്യമാന്തരീക്ഷം തൽപ്പരകക്ഷികൾക്ക് നല്ല വളക്കൂറാണ് നൽകുന്നത്.