Skip to main content
Delhi

 

supreme court

ഹാദിയാ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാദിയ കേസ് എന്‍.ഐ.എക്ക് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവായത്.
   

അഖില എന്ന ഹാദിയയെ സമ്മര്‍ദ്ദം ചെലുത്തി മതംമാറ്റി വിവാഹം കഴിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി കഴിഞ്ഞ മേയ് 24ന് റദ്ദാക്കിയിരുന്നു. അതിനെ ചോദ്യം ചെയ്ത് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. അന്തിമ തീരുമാനത്തിനുമുന്‍പ് ഹാദിയയുടെ അഭിപ്രായം കൂടി ആരായണമെന്ന ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്റെ ആവശ്യം കോടതി പരിഗണിച്ചു. തുടര്‍ന്ന് നേരില്‍കണ്ട് ഹാദിയയുടെ അഭിപ്രായം ആരായുമെന്നും ജെ.എച്ച് കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉറപ്പു നല്‍കി.
     

വിവാഹം അസാധുവാക്കിയതിനെ തുടര്‍ന്ന് വൈക്കം സ്വദേശിയായ ഹാദിയ ഇപ്പോള്‍ സായുധ പോലീസിന്റെ സംരക്ഷണത്തോടെ അച്ഛനമ്മമാരോടൊപ്പമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേസന്വേഷിച്ച് ക്രൈംബ്രാഞ്ച് ചില സംഘടനകളുടെ ഇടപെടല്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച കേസ് സുപ്രീംകോടതിയില്‍ പരിഗണനയ്‌ക്കെത്തിയപ്പോള്‍ എന്‍.ഐ.എ കേസ്സന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും അനുകൂലിക്കുകയാണുണ്ടായത്.

 

Tags