സൗമ്യ വധക്കേസില്‍ കുറ്റവാളി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിയില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11-ന് സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് അവസാന മാര്‍ഗമായ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
കേരള ഹൈക്കോടതി വധശിക്ഷ ശരിവെച്ചതിനെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി കഴിഞ്ഞ വധശിക്ഷ റദ്ദാക്കുകയായിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
വിഷയത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജു നടത്തിയ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന്‍ അദ്ദേഹത്തോട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കുന്നതിന് സുപ്രീം കോടതി ആവശ്യപ്പെടുന്ന അഭൂതപൂര്‍വമായ നടപടിയും കേസിലുണ്ടായി.