കൊച്ചി മെട്രോ പദ്ധതി 2017 ഏപ്രിലിൽ പൂർത്തിയാവുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍, മറ്റു പ്രശ്നങ്ങള്‍ എന്നിവയിലെ പ്രായോഗികത സംബന്ധിച്ച റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി വിശദമായി പിന്നീട് ചർച്ച നടത്തുമെന്നും ശ്രീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2016 നവംബറില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന കൊച്ചി മെട്രോ വിവിധ കാരണങ്ങളെ തുടര്‍ന്ന് നീളുകയായിരുന്നു. മാര്‍ച്ചില്‍ പണിപൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായി ശ്രീധരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായും അദേഹം കൂടിക്കാഴ്ച നടത്തി.