ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് വ്യവഹാര ദല്ലാള്‍ ടി.ജെ. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എച്ച്.എല്‍ ദത്തു, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ റിലയന്‍സിന് സംസ്ഥാനത്തെ ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. നേരത്തേ വിജിലന്‍സ് അന്വേഷിച്ച കേസ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ഹര്‍ജിയെ തുടര്‍ന്ന് സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി അനുമതി നല്‍കി.
എന്നാല്‍, സിബിഐ അന്വേഷണത്തിനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പുതന്നെ സി.ബി.ഐ അന്വേഷിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധിക്കെതിരെ നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.