Skip to main content
കൊച്ചി

Kochi Metro

കൊച്ചി മെട്രോ റെയിലിന്റെ 16 സ്റ്റേഷനുകള്‍ക്കും ആലുവയിലെ ഷണ്ടിങ് സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ റോഡ് വിപുലീകരണം എന്നിവയ്ക്കും അടിയന്തര വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി ഭൂമി ഏറ്റെടുക്കാന്‍ ഏറണാകുളം ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല പര്‍ച്ചേസ് കമ്മറ്റിക്കു രൂപം നല്‍കി ഭൂവുടമകളുമായി ചര്‍ച്ച നടത്തി വിശദാംശങ്ങള്‍ സംസ്ഥാനതല എംപവേഡ് കമ്മിറ്റിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പുനരധിവാസം സംബന്ധിച്ചും നിര്‍ദേശം സമര്‍പ്പിക്കാനും കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ആകെ ഏറ്റെടുക്കേണ്ട 6.13 ഹെക്ടര്‍ ഭൂമിയില്‍ 6.08 ഹെക്ടര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്നേറ്റെടുക്കേണ്ടതാണ്. 0.79 ഹെക്ടര്‍ ഭൂമി പുറമ്പോക്കായി കണ്ടെത്തിയിട്ടുണ്ട്. ആകെ ആവശ്യമായി വരുന്ന ഭൂമി, അതിനുള്ള വില, ഭൂമിയേറ്റെടുക്കുന്നതിനുള്ള ധനസമാഹരണം എന്നിവയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനതല കമ്മിറ്റി ജില്ലാ കളക്ടറോടും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്പരീത് കഴിഞ്ഞ ഏപ്രില്‍ 16-ന് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയേറ്റെടുക്കാന്‍ അനുമതി നല്‍കിയത്.

 

ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, എറണാകുളം, എളങ്കുളം, പൂണിത്തുറ എന്നീ വില്ലേജുകളിലായാണ് ഭൂമിയേറ്റെടുക്കേണ്ടത്. ഇതില്‍ 6.11 ഹെക്ടര്‍ ഭൂമി സ്റ്റേഷന്‍ നിര്‍മാണത്തിനും ശേഷിക്കുന്ന 0.25 ഹെക്ടര്‍ കെ.എസ്.ആര്‍.ടി.സി. റോഡ് വിപുലീകരണത്തിനുമാണ്.

Tags