കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മെട്രോ പദ്ധതിയോടനുബന്ധിച്ച് എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റേഷന് സമീപം പണിതീര്‍ത്ത എ.എല്‍. ജേക്കബ് മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള നിര്‍മാണ കരാര്‍ ഒപ്പ് വെക്കുക എന്ന സാങ്കേതിക നടപടി മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാറിന് ഇരുകമ്പനികളുടേയും ഡയറക്ടര്‍ ബോര്‍ഡും, കേരള, ഡല്‍ഹി സംസ്ഥാന സര്‍ക്കാറുകളും അംഗീകാരം നല്‍കിയിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സി സ്റ്റേഷന് സമീപം സലിം രാജന് റോഡിനേയും രാജാജി റോഡിനേയും ബന്ധിപ്പിച്ചു പണിത മേല്‍പ്പാലം 16 മാസം കൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്.