Skip to main content

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡി.ജി.പി പി.പി പാണ്ഡെയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ ജാമ്യം ലഭിച്ചിരിക്കുന്ന പാണ്ഡെയ്ക്ക് ഏപ്രില്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.

 

ഇതിനെ മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ജൂലിയോ റിബെയ്റോയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ ഒരു ദിവസം പോലും സ്ഥാനത്തിരിക്കാന്‍ പാടില്ലെങ്കിലും വിരമിക്കലിന് ശേഷവും കാലാവധി നീട്ടിനല്‍കിയിരിക്കുകയാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി 31-ന് വിരമിക്കേണ്ട പാണ്ഡെയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി മൂന്ന്‍ മാസത്തേക്ക് കാലാവധി നീട്ടിനല്‍കുകയായിരുന്നു.

 

തുടര്‍ന്ന്‍, സര്‍ക്കാര്‍ ആഗ്രഹിക്കുകയാണെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച് പാണ്ഡെ കത്തയക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 16-നാണ് പാണ്ഡെയ്ക്ക് ഡി.ജി.പിയുടെ ചുമതല നല്‍കിയത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്‍ 2015 ഫെബ്രുവരിയില്‍ തന്നെ പാണ്ഡെയെ അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായി സര്‍വീസില്‍ തിരികെയെടുത്തിരുന്നു.    

 

പാണ്ഡെ സംസ്ഥാന ക്രൈം ബ്രാഞ്ച് തലവന്‍ ആയിരിക്കുമ്പോഴാണ് മുംബൈയില്‍ നിന്നുള്ള 19-കാരി ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖും മറ്റ് രണ്ട് പേരും 2004 ജൂണ്‍ 15-ന് കൊല്ലപ്പെട്ടത്. തീവ്രവാദ ബന്ധങ്ങളുള്ള ഇവര്‍ അന്ന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയവര്‍ ആണെന്നായിരുന്നു പോലീസ് വാദം. എന്നാല്‍, ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‍ കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു.

Tags