മുസ്ലിം വിവാഹ സമ്പ്രദായങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വേനലവധി ഒഴിവാക്കി വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ പറഞ്ഞു. മേയ് 11-ന് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ തുടങ്ങും. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം അങ്ങേയറ്റം പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ഖേഹര്‍ ശനിയും ഞായറും പോലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. ഇതില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് പക്ഷെ, വേനലവധിയില്‍ മറ്റ് രണ്ട് ഭരണഘടനാ ബെഞ്ചുകളില്‍ വാദം കേള്‍ക്കുന്നതിനാല്‍ ഇത് ബുദ്ധിമുട്ടാകുമെന്നാണ് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി പ്രതികരിച്ചത്. എന്നാല്‍, ഹര്‍ജി ഇപ്പോള്‍ കേട്ടില്ലെങ്കില്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുമെന്നും പിന്നീട് കോടതിയെ കുറ്റം പറയരുതെന്നും ചൂണ്ടിക്കാട്ടി.
വാട്സാപ്പുമായി ബന്ധപ്പെട്ട സ്വകാര്യതാ വിഷയത്തിലും ബംഗ്ലാദേശില്‍ നിന്ന്‍ ആസാമിലേക്കുള്ള അനധികൃത കുടിയേറ്റത്തെ തുടര്‍ന്നുള്ള പൗരത്വ പ്രശ്നവുമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍ വേനലവധിയില്‍ പരിഗണിക്കുന്നത്. ചുരുങ്ങിയത് അഞ്ച് ജഡ്ജിമാരാണ് ഭരണഘടനാ ബെഞ്ചില്‍ ഉണ്ടാകുക.
മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട മൂന്ന്‍ നിയമങ്ങളെ ചോദ്യം ചെയ്ത് സൈറാ ബാനു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. നിഷ്കര്‍ഷിച്ച ഇടവേളയില്ലാതെ വിവാഹമോചനം (മുത്തലാഖ്) നടത്തുന്നത്, വിവാഹ മോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്ത് വിവാഹമോചനം നേടണമെന്ന വ്യവസ്ഥ, ബഹുഭാര്യാത്വം എന്നിവയാണിവ.