Skip to main content

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. എന്നാല്‍, ബാങ്ക് അക്കൗണ്ട് തുറക്കാനോ നികുതി സമര്‍പ്പിക്കാനോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന്‍ സര്‍ക്കാറിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഏഴംഗ ബഞ്ച് കേള്‍ക്കേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അത് സാധ്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയടക്കം ഒട്ടേറെ ക്ഷേമ പദ്ധതികളില്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ക്ഷേമ പദ്ധതികളില്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന തങ്ങളുടെ മുന്‍ ഉത്തരവ് സുപ്രീം കോടതി ആവര്‍ത്തിച്ചത്.

 

നികുതി വെട്ടിപ്പ് തടയാന്‍ സഹായിക്കും എന്നവകാശപ്പെട്ടു കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി നികുതി സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് പാര്‍ലിമെന്റില്‍ പ്രസ്താവിച്ചിരുന്നു. ഇത്തരം നടപടികളില്‍ നിന്ന്‍ സര്‍ക്കാറിനെ തടയാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു.   

Tags