ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീം കോടതിയ്ക്ക് മുന്നിലുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കമ്മീഷന് ഈ നിലപാട് അറിയിച്ചത്.
നിലവില്‍ കുറ്റവാളികളായി വിധിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ കഴിഞ്ഞതിന് ശേഷം ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല.
ബിജെ.പി നേതാവും വക്കീലുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. കുറ്റവാളിയെന്ന് വിധിക്കപ്പെട്ടാല്‍ ഭരണനിര്‍വ്വഹണ, നീതിന്യായ സംവിധാനങ്ങളില്‍ നിന്ന് ഒരാള്‍ പുറത്താക്കപ്പെടുമ്പോള്‍ നിയമനിര്‍മ്മാണ സംവിധാനത്തില്‍ ഈ രീതി പാലിക്കപ്പെടുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പരമാവധി പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിലെ ആവശ്യത്തില്‍ കമ്മീഷന് നിലപാട് എടുത്തില്ല. ആവശ്യം നിയമനിര്‍മ്മാണ സഭയുടെ പരിധിയില്‍ വരുന്നതാണെന്നും ഭരണഘടനാ ഭേദഗതി ആവശ്യമുള്ളതാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.