ഉച്ചഭക്ഷണ പദ്ധതിയിലെ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമ്മു കശ്മീര്‍, മേഘാലയ, അസ്സം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഇത് ബാധകമായിരിക്കും. ഫെബ്രുവരി 28-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പദ്ധതിയില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്കും ആധാര്‍ നിര്‍ബന്ധമായിരിക്കും. ആധാര്‍ നമ്പര്‍ എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.
സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സബ്സിഡികള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വിതരണ പ്രക്രിയ ലളിതമാക്കുന്നതായും ഗുണഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേരിട്ടും തടസ്സങ്ങളില്ലാതെയും ലഭിക്കാന്‍ സഹായിക്കുന്നതായും വിജ്ഞാപനത്തില്‍ പറയുന്നു.
പദ്ധതിയിലെ 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്കൂളുകളിലായി ശരാശരി 10.03 കോടി കുട്ടികള്‍ 2015-16ല്‍ ഉച്ചഭക്ഷണം കഴിക്കുന്നതായാണ് കണക്ക്.
എന്നാല്‍, ദേശീയ സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് ഉള്ള അപേക്ഷകളില്‍ ആധാര്‍ നിര്‍ബന്ധമായി ചേര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതി തള്ളിയിരുന്നു. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്‍ സുപ്രീം കോടതി ഉത്തരവ് ഉണ്ട്. ആധാര്‍ തികച്ചും സ്വേച്ഛാനുസാരമാണെന്നും വിഷയത്തില്‍ സുപ്രീം കോടതി അവസാന തീരുമാനം എടുക്കുന്നത് വരെ ഇത് നിര്‍ബന്ധമാക്കരുതെന്നും കോടതി 2015 ഒക്ടോബറിലാണ് കോടതി വിധിച്ചത്.