മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള സുപ്രീം കോടതി കൊളേജിയത്തിന്റെ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ആര്.എം ലോധ പരസ്യമായി വിമര്‍ശിച്ചു. കൊളേജിയം നല്കിയ പട്ടികയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഏകപക്ഷീയമായി മാറ്റിയ കേന്ദ്രത്തിന്റെ നടപടി തന്റെ അറിവോ സമ്മതമോ കൂടാതെയായിരുന്നുവെന്നും ഇത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ബി.എസ് ചൗഹാന് ചൊവ്വാഴ്ച നല്കിയ യാത്രയയപ്പിലായിരുന്നു ലോധയുടെ പരാമര്‍ശം.
യാതൊരു കാരണവശാലും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ ഒത്തുതീര്‍പ്പ് അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ലോധ വ്യക്തമാക്കി. അങ്ങനെ സംഭവിക്കുകയാണ് തോന്നുകയാണെങ്കില്‍ സ്ഥാനം ഒഴിയുമെന്നും ലോധ പറഞ്ഞു.
സുപ്രീം കോടതിയിലെ പുതിയ ജഡ്ജിമാരായി നാല് പേരെയാണ് സുപ്രീം കോടതി കൊളേജിയം നിര്‍ദ്ദേശിച്ചിരുന്നത്. ഇതില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കുറിച്ച് സി.ബി.ഐയും ഇന്റലിജന്‍സ് ബ്യൂറോയും അനഭിമത റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കാണിച്ച് പേര് പുന:പരിശോധന നടത്തണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രം ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചിരുന്നു.
ജഡ്ജിയായി നിയമിക്കപ്പെടാന്‍ നല്കിയ സമ്മതം പരസ്യമായി പിന്‍വലിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നടപടിയേയും ചീഫ് ജസ്റ്റിസ് ലോധ വിമര്‍ശിച്ചു. ജൂണ്‍ 24-ന് റഷ്യയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തോട് സംസാരിച്ചിരുന്നതായും ജൂണ്‍ 28-ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം അടുത്ത നടപടി സ്വീകരിക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ലോധ വെളിപ്പെടുത്തി. അതിനിടയില്‍ ജൂണ്‍ 25-ന് തനിക്ക് കത്തയക്കുകയും അത് പരസ്യമാക്കുകയും ചെയ്ത ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നടപടി തന്നെ ഞെട്ടിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തതായി ലോധ പറഞ്ഞു.
കത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി കുറ്റപ്പെടുത്തിയ ഗോപാല്‍ സുബ്രഹ്മണ്യം തനിക്ക് പിന്തുണ നല്‍കുന്നതിലും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും സുപ്രീം കോടതി പരാജയപ്പെട്ടതായി പരാമര്‍ശിച്ചിരുന്നു.
ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം കേന്ദ്രത്തിന്റെ പുന:പരിശോധനയ്ക്കുള്ള അഭ്യര്‍ഥന കണ്ട താന്‍ ഗോപാല്‍ സുബ്രഹ്മണ്യവുമായി സംസാരിക്കുകയും വിഷയം സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ അടങ്ങിയ കൊളേജിയത്തിലെ മറ്റംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 25-ന്റെ കത്ത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായും ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി. എന്നാല്‍, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗോപാല്‍ സുബ്രഹ്മണ്യം ജൂണ്‍ 29-ന് മറുപടി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം കൊളേജിയത്തിലെ ജഡ്ജിമാരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ഇതില്‍ കൂടുതല്‍ നടപടിയ്ക്ക് പ്രസക്തിയില്ലെന്ന് തീരുമാനിക്കുകയുമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൊളേജിയം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് തന്നെ കേന്ദ്രത്തിന് തിരിച്ചയക്കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുമായിരുന്നു.