സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജഡ്ജി സ്ഥാനത്തേക്ക് സുപ്രീം കോടതി കൊളെജിയം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇത് പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്.എം ലോധയ്ക്ക് അയച്ച കത്തില്‍ തന്നെ പരിഗണിക്കേണ്ടെന്ന് ഗോപാല്‍ സുബ്രഹ്മണ്യം അഭ്യര്‍ത്ഥിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് താന്‍ വഴങ്ങില്ലെന്ന തോന്നലാണ് കേന്ദ്രത്തിന്റെ എതിര്‍പ്പിന് പിന്നിലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണം നിയമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതായും കത്തില്‍ സുബ്രഹ്മണ്യം കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ 2005-ല്‍ നടന്ന സൊഹ്രാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ താന്‍ സ്വീകരിച്ച സ്വതന്ത്ര നിലപാടുകളാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടന്ന സംഭവത്തില്‍, മോദിയുടെ വിശ്വസ്ഥനായി അറിയപ്പെടുന്ന അന്നത്തെ സംസ്ഥാന ആഭ്യന്തര സഹമന്ത്രി അമിത് ഷാ ആരോപിതനാണ്.
അതേസമയം, തനിയ്ക്ക് പിന്തുണ നല്കാന് സുപ്രീം കോടതിയ്ക്ക് കഴിഞ്ഞില്ലെന്നത് ഖേദകരമാണെന്നും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതില്‍ ഈ സര്‍ക്കാറിന്റെ പ്രതിബദ്ധതയില്‍ സംശയമുണര്‍ത്തുന്നതാണ് ഇപ്പോഴത്തെ നടപടിയെന്നും ഗോപാല്‍ സുബ്രഹ്മണ്യം കത്തില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന കൊളെജിയം ഗോപാല്‍ സുബ്രഹ്മണ്യം ഉള്‍പ്പെടെ നാല് പേരെയാണ് പുതിയ ജഡ്ജിമാരായി നിയമിക്കുന്നതിന് മെയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പായി നിര്‍ദ്ദേശിച്ചത്. ഇതില്‍ മുതിര്‍ന്ന അഭിഭാഷകന് രോഹിന്‍ടണ്‍ നരിമാന്, കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ പേര് അംഗീകരിച്ച കേന്ദ്രം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരു പുന:പരിശോധിക്കാനായി കൊളെജിയത്തിന് തിരിച്ചയക്കുകയായിരുന്നു. 2-ജി കേസില്‍ യു.പി.എ സര്‍ക്കാറിനെ പ്രതിനിധീകരിച്ച സമയത്ത് ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ സി.ബി.ഐ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍.ഡി.എ സര്‍ക്കാറിന്റെ നീക്കം.