ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ മുന്‍ പ്രസിഡന്‍റ് എന്‍.ശ്രീനിവാസനും ആരോപണവിധേയരായ 12 താരങ്ങളും അടക്കമുള്ളവര്‍ക്കെതിരെ ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ബി.സി.സി.ഐയുടെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്. ഓഗസ്റ്റ് അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അന്വേഷണത്തില്‍ മുദ്ഗല്‍ കമ്മിറ്റിയെ സഹായിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ ബി.ബി മിശ്രയുടെ നേതൃത്വത്തിലുള്ള സംഘത്തെയും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് കേസ് അന്വേഷിക്കുന്നതിനും ആവശ്യമായ രേഖകള്‍ പരിശോധന നടത്തി പിടിച്ചെടുക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റു ചെയ്യുന്നത് ഒഴികെയുള്ള എല്ലാ അധികാരങ്ങളും അന്വേഷണ സംഘത്തിന് ഉണ്ടായിരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
വാതുവെപ്പ് അന്വേഷണത്തിന് ജസ്റ്റിസ് മുദ്ഗല്‍ തലവനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി 2013 ഒക്ടോബറിലായിരുന്നു നിയമിച്ചത്. കമ്മിറ്റി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരായവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി അനുമതി നല്‍കിയത്. ബി.സി.സി.ഐ അധ്യക്ഷ പദവിയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ സുനില്‍ ഗവാസ്‌കറും ശിവലാല്‍ യാദവും ഇടക്കാല പ്രസിഡന്റുമാരുടെ ചുമതല വഹിക്കും.