Skip to main content
ന്യൂഡല്‍ഹി

 

സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റീസ് ജെ.എസ് കെഹാര്‍ പിന്മാറി. കേസില്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജഡ്ജിയുടെ പിന്മാറ്റം. ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്‍ ഇന്നു(വ്യാഴാഴ്‌ച) വിരമിക്കുന്ന സാഹചര്യത്തില്‍ കേസ് പുതിയ ബഞ്ചിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ മാറ്റുന്ന ബഞ്ചില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാണ് ജസ്റ്റീസ് കെ.എസ് കെഹാര്‍ ആവശ്യപ്പെട്ടത്

 

ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണനും ജെ.എസ് കെഹാറും ഉള്‍പ്പെടുന്ന ബെഞ്ചാണ് സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരായ 24000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിച്ചത്. എന്നാല്‍ ഇന്നലെ താന്‍ ഉള്‍പ്പെടുന്ന ബഞ്ചിന് കേസ് വിടരുതെന്നാവശ്യപ്പെട്ടാണ് ജസ്റ്റീസ് കെഹാര്‍ സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്.

 

നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുന്നതില്‍ കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും സഹാറാ ഗ്രൂപ്പ് തയ്യാറായില്ല. തുടര്‍ന്ന് സുബ്രതാ റോയിയെ ജയിലിലടക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സുബ്രതാ റോയിക്കെതിരായ കേസില്‍ രണ്ടു ജഡ്ജിമാരും വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. തുക കെട്ടിവയ്ക്കാനാകാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷകള്‍ തള്ളി സുബ്രതാ റോയിയെ ജയിലിലടയ്ക്കാനുള്ള തീരുമാനം ഇവര്‍ സ്വീകരിച്ചിരുന്നു.

 

3.3 കോടി നിക്ഷേപകരില്‍നിന്നും 24000 കോടി രൂപയാണ് അനധികൃതമായി സഹാറ ഗ്രൂപ്പ് തട്ടിയെടുത്തത്. സുബ്രതാ റോയിക്കും മറ്റ് രണ്ട് സഹാറ എം.ഡിമാര്‍ക്കും ജാമ്യം അനുവദിക്കണമെന്ന് സഹാറ ഗ്രൂപ്പ് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 28-നാണ് സുബ്രതാ റോയിയെ പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാല് മുതല്‍ സുബ്രതാ റോയി തീഹാര്‍ ജയിലില്‍ കഴിയുകയാണ്

Tags