തമിഴ്നാട്ടിലെ കൂടങ്കുളം ആണവ നിലയം കമ്മീഷന് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് സംതൃപ്തി പ്രകടിപ്പിച്ചു.
സുരക്ഷാ ആശങ്കകള്‍ പുന:പരിശോധിക്കുന്നതിനും 2013 മേയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാറും മറ്റ് അധികൃതരും എത്രത്തോളം പാലിക്കുന്നുണ്ട് എന്ന് അവലോകനം ചെയ്യുന്നതിനും ഒരു സമിതിയെ നിയോഗിക്കണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി തള്ളി. ആണവനിലയ വിരുദ്ധ പ്രവര്ത്തകന് ജി. സുന്ദര്‍രാജനാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വിധിയില്‍ തന്നെ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാറിന് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, അതിന് മുന്‍പായി സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഈ നിബന്ധനകള്‍ ഏറെയും സര്‍ക്കാര്‍ പാലിച്ചതായും ദീര്‍ഘകാല നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാറിന് മുന്നില്‍ ഇനിയും സമയം അവശേഷിക്കുന്നുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നിബന്ധനകള്‍ പാലിക്കാതെ തിരക്കിട്ട് കമ്മീഷന് നടപടികളുമായി ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട് പോകുകയാണെന്ന് ആരോപിച്ചാണ് സുന്ദര്രാജന് ഹര്‍ജി നല്‍കിയത്.