Skip to main content
ന്യൂഡൽഹി

rajiv gandhiരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. മുരുകൻ, പേരറിവാളൻ, ശാന്തൻ എന്നിവരടക്കമുള്ള ഏഴു പ്രതികളെ തത്കാലം വിട്ടയക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. ഇത്രയും സങ്കീര്‍ണമായ പ്രശ്‌നം പരിഗണനയ്ക്ക് വരുന്നത് ഇതാദ്യമായതിനാല്‍ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാനും ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

 

ദയാഹർജിയിൽ തീരുമാനം കൈക്കൊള്ളാൻ വൈകിയെന്ന് ആരോപിച്ച് പ്രതികൾ നൽകിയ ഹർജിയിൽ ഇവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ തടവുശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിച്ച് ഇവരെ മോചിപ്പിക്കാൻ ജയലളിത സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിനെതിരെ കേന്ദ്രസർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

തമിഴ്‌ നാട്ടില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു തമിഴ്‌ നാടിന്റെ വാദം. പ്രതികളെ വെറുതെ വിടാൻ അധികാരമുള്ളത് കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ,​ വധശിക്ഷ ഇളവു ചെയ്താൽ പ്രതികളെ വെറുതെ വിടാമോ, ജീവപര്യന്തം തടവെന്നാൽ 14 വർഷമാണോ അതോ ജീവിതാവസാനം വരെയുള്ളതാണോ,​ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരമുള്ള അധികാരം കേന്ദ്രത്തിനാണോ,​ സംസ്ഥാനത്തിനാണോ എന്നീ കാര്യങ്ങളാവും ഭരണഘടനാബെഞ്ച് പരിഗണിക്കുക.

 

1991 മേയ് 21-നാണ് തമിഴ് നാട്ടിലെ ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ 26 പേരെ കുറ്റക്കാരായി കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ ദയാഹർജി രാഷ്ട്രപതിയുടെ മുന്നിൽ 11 കൊല്ലത്തോളം തീരുമാനമാകാതെ കിടക്കുകയും പിന്നിട് തള്ളുകയും ചെയ്തു. ഇതോടെ അവരുടെ വധശിക്ഷ 2011 സെപ്തംബറിൽ നടപ്പാക്കാൻ തീരുമാനമായി. എന്നാല്‍ ചെന്നൈ ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18-ന് സുപ്രീം കോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. തുടര്‍ന്നാണ്‌ തമിഴ് നാട് സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

Tags