ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 2013-ലെ ആറാം പതിപ്പില്‍ ഒത്തുകളിയും വാതുവെപ്പും നടന്നതായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി.സി.സി.ഐ നിയോഗിച്ച മൂന്നംഗ സമിതിയെ സുപ്രീം കോടതി തള്ളി. സമിതി അംഗങ്ങള്‍ക്ക് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് താല്‍പ്പര്യങ്ങള്‍ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ആരോപണങ്ങളെ തുടര്‍ന്ന് നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുഗ്ദല്‍ കമ്മിറ്റിയോട് അന്വേഷണം തുടരാനാകുമോ എന്നറിയിക്കാന്‍ ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
കല്‍ക്കട്ട ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ജയ് നാരായണ്‍ പട്ടേല്‍, സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആര്.കെ രാഘവന്, മുന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി എന്നിവരായിരുന്നു ബി.സി.സി.ഐ സമിതിയിലെ അംഗങ്ങള്‍. ബി.സി.സി.ഐയില്‍ നിന്ന് വര്‍ഷങ്ങളായി ശമ്പളം വാങ്ങുന്ന ജീവനക്കാരനാണ് ശാസ്ത്രി. ബി.സി.സി.ഐ ഉപാധ്യക്ഷനും എന്‍. ശ്രീനിവാസന് കോടതി നിര്‍ദ്ദേശ പ്രകാരം മാറി നില്ക്കുന്നതിനാല് സുനില്‍ ഗാവസ്കര്‍ക്കൊപ്പം സംഘടനയുടെ ഇടക്കാല മേധാവിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശിവലാല്‍ യാദവിന്റെ ബന്ധുവാണ് പട്ടേല്‍. എന്‍. ശ്രീനിവാസന് പ്രസിഡന്റായ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു ക്ലബ്ബിന്റെ സെക്രട്ടറിയാണ് രാഘവന്.
ജസ്റ്റിസ് മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനേയും ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ മറ്റ് 12 പേരേയും പരാമര്‍ശിക്കുന്നതായി വെളിപ്പെടുത്തിയ സുപ്രീം കോടതി സംഭവത്തില്‍ അന്വേഷണത്തിന് തയ്യാറാകാത്ത ബി.സി.സി.ഐ നിലപാടിനെ വിമര്‍ശിച്ചിരുന്നു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഏപ്രില്‍ 22-നകം മറുപടി നല്കാന് കഴിഞ്ഞ ബുധനാഴ്ച കോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതിയാണ് മൂന്നംഗ അന്വേഷണ സമിതിയെ തീരുമാനിച്ചത്.