രാജ്യത്ത് മരുന്ന് പരീക്ഷണത്തിന് ഇരകളായവര്‍ക്ക് എത്രയും പെട്ടെന്ന് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. സ്വാസ്ഥ്യ അധികാര്‍ മഞ്ച് എന്ന സന്നദ്ധസംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു മാത്രമേ മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
2005 ജനുവരി ഒന്ന്‍ മുതല്‍ 2012 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ രാജ്യത്ത് മരുന്ന് പരീക്ഷണത്തിന്റെ ദോഷകരമായ ഫലങ്ങള്‍ക്ക് ഇരയായ 506 പേര്‍ ജീവിക്കുന്നുണ്ടെന്ന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നടപടി വൈകിയതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
മരുന്ന്‍ പരീക്ഷണത്തിന്റെ ഫലമായി 2005 ജനുവരി ഒന്ന്‍ മുതല്‍ 2012 ജൂണ്‍ 30 വരെ 80 പേരും ജൂലൈ 2012-നും ആഗസ്ത് 2013-നും ഇടയില്‍ 9 പേരും മരിച്ചതായി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ 89 പേരില്‍ 82 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പരീക്ഷണത്തിന്റെ ദോഷഫലങ്ങള്‍ ബാധിച്ചതായി സര്‍ക്കാര്‍ കണക്കാക്കിയ 506 പേര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
2005-നും 2012-നും ഇടയില്‍ 475 പുതിയ മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ 2,644 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇവര്‍ മരുന്ന്‍ പരീക്ഷണത്തിന്റെ ഫലമായല്ല മരിച്ചതെന്നാണ് വകുപ്പിന്റെ വാദം. എന്നാല്‍, സന്നദ്ധസംഘടനകള്‍ ഇതിനെ ചോദ്യം ചെയ്യുകയാണ്. നിബന്ധനകള്‍ പാലിക്കാതെയാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം പോലും നടത്താതെയാണ് സര്‍ക്കാറിന്റെ അവകാശവാദമെന്നും സ്വാസ്ഥ്യ അധികാര്‍ മഞ്ച് ചൂണ്ടിക്കാട്ടുന്നു.