Skip to main content
ന്യൂഡല്‍ഹി

rm lodhaസുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ രാജേന്ദ്ര മാല്‍ ലോധയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ്‌ പി. സദാശിവം വിരമിക്കുന്ന ഒഴിവില്‍ ഏപ്രില്‍ 27-നാണ് ജസ്റ്റിസ്‌ ആര്‍.എം ലോധ ചുമതലയേല്‍ക്കുക. ചീഫ് ജസ്റ്റിസ്‌ സദാശിവം കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ്‌ ലോധ. 64-കാരനായ അദ്ദേഹത്തിന് അഞ്ച് മാസമായിരിക്കും ചീഫ് ജസ്റ്റിസ്‌ പദവിയില്‍ ഇരിക്കാന്‍ സാധിക്കുക. സെപ്തംബര്‍ 27-ന് ജസ്റ്റിസ്‌ ലോധ സര്‍വീസില്‍ നിന്ന്‍ വിരമിക്കും.

 

1949 സെപ്തംബര്‍ 28-ന് രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച ലോധയുടെ അച്ഛന്‍ എസ്.കെ മാല്‍ ലോധ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1973 ഫെബ്രുവരിയില്‍ രാജസ്ഥാന്‍ ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു. 1994 ജനുവരി 31-ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായ നിയമിതനായ പിന്നീട് 13 കൊല്ലം ബോംബെ ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിച്ചു. 2007-ല്‍ വീണ്ടും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിയമിതനായ അദ്ദേഹം സംസ്ഥാന ജുഡീഷ്യല്‍ അക്കാദമിയുടെ ചെയര്‍മാനായിരുന്നു.   

 

2008 മെയ്‌ 13-ന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയി സ്ഥാനമേറ്റ അദ്ദേഹം 2008 ഡിസംബര്‍ 17-ന് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. ദേശീയ നിയമ സേവന അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags