ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ പാല് സിങ് ഭുള്ളറുടെ വധശിക്ഷ ഇളവ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ ജീവപര്യന്തമായി കുറക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭുള്ളറുടെ ഭാര്യ നവനീത് കൗര്‍ ഭുള്ളറാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഭുള്ളറിന്റെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. കേസില്‍ 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്നും മാനസിക പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹര്‍ജി നല്‍കിയിരുന്നത്. മനോരോഗികളെ തൂക്കിലേറ്റരുതെന്നും സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ ശിക്ഷിക്കപ്പെട്ട എല്ലാവരുടെയും കാര്യത്തില്‍ ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിരുന്നു.
1993-ല്‍ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 2003-ലാണ് ഭുള്ളറിനെതിരെ സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. 2003-ല്‍ തന്നെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നുവെങ്കിലും എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011-ലാണ് അന്നത്തെ രാഷ്ട്രപതിയായരുന്ന പ്രതിഭാ പാട്ടീല്‍ ദയാഹര്‍ജി തള്ളിയത്.