Skip to main content
ന്യൂഡല്‍ഹി

aap stone pelting at bjp officeഡല്‍ഹി, ലക്നോ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യുടേയും ബി.ജെ.പിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തിന് മാപ്പ് ചോദിച്ച എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാള്‍ സമാധാനം പാലിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ബുധനാഴ്ച ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ എ.എ.പി നേതാക്കളായ അശുതോഷ്, ഷാസിയ ഇല്‍മി എന്നിവരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.

 

ഗുജറാത്തില്‍ പര്യടനത്തിനെത്തിയ അരവിന്ദ് കേജ്രിവാളിനെ പോലീസ് തടഞ്ഞതില്‍ പ്രതിഷേധിക്കാന്‍ എ.എ.പി നടത്തിയ പ്രകടനങ്ങളാണ് അക്രമാസക്തമായത്. റോഡ്‌ ഷോ നടത്തുന്നതിന് അനുമതി തേടിയില്ല എന്ന കാരണത്താലാണ് ഗുജറാത്ത് പോലീസ് കേജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.

 

അശുതോഷ്, ഷാസിയ ഇല്‍മി എന്നിവരുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്തിന്റെ കവാടം ചാടിക്കടക്കാന്‍ നടത്തിയ ശ്രമമാണ് അക്രമത്തിലേക്ക് വഴിതെളിച്ചത്. എ.എ.പി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന്‍ കല്ലേറുണ്ടായതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ കസേരകള്‍ തിരിച്ചെറിഞ്ഞു. പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് രംഗം ശാന്തമാക്കിയത്. ഉത്തര്‍ പ്രദേശിലെ ലക്നോ, ഝാന്‍സി, കാണ്‍പൂര്‍, അലഹബാദ് എന്നിവടങ്ങളിലും ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗുജറാത്തില്‍ കേജ്രിവാളിന്റെ കാറിന് നേരെ ആക്രമണമുണ്ടായി. കാറില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം.

 

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസം നടന്ന അക്രമങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Ad Image