ഊര്‍ജ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചത് 11 സ്വകാര്യകമ്പനികള്‍ക്ക്. ടാറ്റയ്ക്കും, റിലയന്‍സിനും, ബാല്‍കോയ്ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.
പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ഇടപാട് നടന്നതെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കി. എട്ടു കമ്പനികള്‍ക്ക് ഊര്‍ജ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചതായും അറ്റോണി ജനറല്‍ സമര്‍പ്പിച്ച രേഖയിലുണ്ട്.
ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, വീസാ പവര്‍, വന്ദന വിദ്യുത്, ജി.വി.കെ. ഗഗന്, സ്പോഞ്ച് അയണ്‍, ലാംകോ ഗ്രൂപ്പ് എന്നിവയാണ് 11 കമ്പനികളുടെ പട്ടികയില്‍ ഉള്ളത്. അതിനിടെ, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വിധിപറയാന്‍ മാറ്റി.
സ്ക്രീനിങ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പെടാത്ത ഈ 11 കമ്പനികളെ ഉള്‍പ്പെടുത്തിയതിന്റെ മാനദണ്ഡങ്ങള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഊര്ജമന്ത്രാലയമോ കേന്ദ്ര വൈദ്യുതി അതോറിറ്റിയോ ശുപാര്‍ശചെയ്യാത്ത 11 സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്കാന് സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശചെയ്തത് എന്തിനാണെന്ന് കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് ചോദിച്ചു.
ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചതില്‍നിന്ന് 20 അപേക്ഷകളാണ് സ്ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്. എട്ട് അപേക്ഷകള്‍ ഒഴിവാക്കിയ കമ്മിറ്റി പിന്നീട് 11 എണ്ണം ഉള്‍പ്പെടുത്തി. ഇതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.