ജഡ്ജിമാർക്കെതിരായ ലൈംഗികാരോപണങ്ങൾ പരിശോധിക്കുന്നതിന് പ്രത്യേകം സംവിധാനം ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിനു വേണ്ടി കോടതിയെ സഹായിക്കാൻ മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ ഫാലി.എസ്.നരിമാൻ, കെ.കെ.വേണുഗോപാൽ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജിയും ദേശീയ ഹരിത ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റീസ് സ്വതന്തർ കുമാറിനെതിരെ നിയമ വിദ്യാർത്ഥിനി ഉന്നയിച്ച ലൈംഗികാരോപണ കേസ് പരിഗണിക്കുമ്പോളായിരുന്നു കോടതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. തനിക്ക് പരാതി ഉന്നയിക്കാൻ ഒരു വേദി പോലും ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിർദ്ദേശം വന്നിട്ടുള്ളത്.
വിരമിച്ച ജഡ്ജിമാർക്കെതിരായ പരാതി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി മുന്പ് നിലപാടെടുത്തത്. എന്നാൽ സ്വതന്തർ കുമാറിനെതിരായി ആരോപണം ഉയർന്നതോടെ കോടതി നിലപാട് മാറ്റുകയായിരുന്നു.