പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ദേശീയതലത്തില്‍ രണ്ടുമാസത്തിനകം നിയന്ത്രണസംവിധാനം (റെഗുലേറ്റര്‍) രൂപവത്കരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി. എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ അതോറിറ്റിയുടെ ഓഫീസ് തുറക്കണമെന്നും കോടതി നിര്‍ദേശിച്ചു. 1988-ലെ വനനയം നടപ്പാക്കുന്നത് റെഗുലേറ്റര്‍ ഉറപ്പുവരുത്തുമെന്നും കോടതി വ്യക്തമാക്കി.
വനം-പരിസ്ഥിതി അംഗീകാരവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വിലയിരുത്തുന്നതിന് പുറമേ, അംഗീകാരത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് റെഗുലേറ്റര്‍ പരിശോധിക്കണം. മലിനീകരണത്തിന് ഉത്തരവാദികളായവര്‍ക്ക് പിഴയിടാനും റെഗുലേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച അനുമതി നല്‍കുന്നത് പരിസ്ഥിതി മന്ത്രാലയമായിരിക്കും. എന്നാല്‍, ഇതുള്‍പ്പെടെയുള്ള മറ്റ് അനുമതിക്ക് പദ്ധതി യോഗ്യമാണോയെന്ന് പരിശോധിക്കുന്നത് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ള റെഗുലേറ്ററായിരിക്കും. പരിസ്ഥിതിസംരക്ഷണ നിയമത്തിലെ 3(3) വകുപ്പ് പ്രകാരമുള്ള എല്ലാ അധികാരങ്ങളും റെഗുലേറ്റര്‍ക്കുണ്ടായിരിക്കും
.ഉത്തരവ് മാര്‍ച്ച് 31-നകം നടപ്പാക്കി കോടതിയെ അറിയിക്കാന്‍ ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്, എസ്.എസ്. നിജ്ജര്‍, എഫ്.എം. ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു