Skip to main content
ന്യൂഡല്‍ഹി

sec 377 repeal protest

 

സ്വവര്‍ഗ്ഗ രതി ജീവപര്യന്തം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ നിരോധനം എടുത്തുകളഞ്ഞ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു.

 

ഡെല്‍ഹി ഹൈക്കോടതിയുടെ വിധി തള്ളി ഡിസംബര്‍ 11-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ഉഭയസമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 2009 ജൂലൈ രണ്ടിന് വകുപ്പ് അസാധുവാക്കിയത്.  

 

ഹൈക്കോടതി വിധി നിയമനിര്‍മ്മാണ സഭയുടെ പരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി 377-ാം വകുപ്പില്‍ ഭരണഘടനാ പ്രശ്നമില്ലെന്നും വിധിച്ചിരുന്നു. ഇതാണ് പുന:പരിശോധനാ ഹര്‍ജിയില്‍ കേന്ദ്രം ചോദ്യം ചെയ്യുന്നത്. അടിസ്ഥാന അവകാശങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനയുടെ 14, 15, 21 വകുപ്പുകള്‍ സംബന്ധിച്ച് സുപ്രീം കോടതി തന്നെ മുന്‍പ് പുറപ്പെടുവിച്ച നിയമതത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഡിസംബര്‍ 11-ലെ വിധി എന്ന്‍ ഹര്‍ജിയില്‍ പറയുന്നു.

 

വകുപ്പില്‍ പ്രസ്താവിക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗികത എന്നത് 1860-ല്‍ യു.കെയില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ അതേപടി പകര്‍ത്തിയതാണെന്നും ഭരണഘടനയുടെ വകുപ്പുകള്‍ അനുസരിച്ച് ഇപ്പോള്‍ നിയമാനുസൃതമാണെന്ന് പറയാന്‍ കഴിയില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

Tags