Skip to main content
ഇസ്ലാമാബാദ്

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ കുറ്റം ചുമത്തി. റാവല്‍പിണ്ടിയിലെ ഭീകര വിരുദ്ധ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, ഗൂഢാലോചന, കൊലപാതക പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് മുഷാറഫിനെതിരെ ചുമത്തിയത്.

 

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മുഷറഫ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 27-നു വീണ്ടും പരിഗണിക്കും. ബേനസീര്‍ ഭൂട്ടോയുടെ സുരക്ഷാകാര്യത്തില്‍ വീഴ്ച വരുത്തി എന്നുള്ളതാണ് മുഷറഫിനെതിരായ കുറ്റം.  

 

2007-ല്‍ റാവല്‍പിണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. പ്രവാസ ജീവിതത്തിനു ശേഷം പാകിസ്താനില്‍ തിരിച്ചെത്തിയ മുഷറഫിനെ ജഡ്ജിമാരെ തടവിലാക്കിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ഏപ്രില്‍ 19-മുതല്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.