ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട പന്ത്രണ്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മാതാപിതാക്കളെ കാണാനായി വിദ്യാര്‍ത്ഥിയായ അലി സയീദും യെച്ചൂരിയും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ് ആദ്യം പരിഗണനക്കെടുത്തത്. രണ്ടിനും കോടതി കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളികൊണ്ട് അനുമതി നല്‍കി.
എന്നാല്‍, യെച്ചൂരിയുടെ യാത്ര രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടിയില്‍ വ്യക്തമാക്കി. രാഷ്ട്രീയപരമായ നടപടികള്‍ ഉണ്ടാകരുതെന്ന് യെച്ചൂരിയെ ഓര്‍മ്മിപ്പിച്ച കോടതി പൗരന് രാജ്യത്ത് എവിടെയും സന്ദര്‍ശിക്കാന്‍ ഉള്ള അവകാശമുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.തുടര്‍ന്ന് അനുച്ഛേദം 370 റദ്ദാക്കിയ ഹരജികള്‍ പരിഗണിച്ചപ്പോള്‍, നോട്ടീസ് അയക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വിഷയം സങ്കീര്‍ണമാണെന്നും കോടതിയുടെ നിലപാട് അയല്‍ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ഐക്യരാഷ്ട്രസഭയില്‍ പ്രത്യാഘാതമുണ്ടാകുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്താണ് ചെയ്യേണ്ടെതെന്ന് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
പിന്നാലെ അനുച്ഛേദം 370 റദ്ദാക്കിയതില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഹരജികള്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഹരജികളിലും കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ കോടതി പരഗണിക്കും.
അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികള്‍ ഒക്ടോബര്‍ ആദ്യവാരമാകും പരിഗണനക്കെടുക്കുക. ജമ്മുകാശ്മീരില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടിയില്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുമതി നല്‍കിയില്ല.