രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉത്പാദന കമ്പനിയായ പാര്‍ലെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടും. ബിസ്കറ്റ് വില്‍പന ഗണ്യമായി കുറഞ്ഞതാണ് കാരണം. രാജ്യത്തെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്‍റെ രൂക്ഷത വെളിവാക്കുന്നതാണ് പാര്‍ലെയുടെ പ്രതിസന്ധി. കിലോയ്ക്ക് 100 രൂപയില്‍ താഴെ വിലയുള്ള ബിസ്കറ്റുകള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കമ്പനി അധികൃതര്‍ വിമര്‍ശിക്കുന്നു.
നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്‌കറ്റുകള്‍ക്ക് ചുമത്തിയിരുന്നത്. വില കുറഞ്ഞ ബിസ്‌കറ്റുകള്‍ക്ക് അഞ്ച് ശതമാനമായിരുന്നു നികുതി. ജി.എസ്.ടി വന്നതോടെ എല്ലാ ബിസ്കറ്റുകള്‍ക്കും നികുതി 18 ശതമാനമായി. ബിസ്കറ്റിന്‍റെ വില വര്‍ധിച്ചത് വില്‍പനയെ കാര്യമായി ബാധിച്ചെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
പാര്‍ലെ ജി, മാരി, മൊനാകോ തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാന്‍ഡുകള്‍. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമങ്ങളാണ്. ഒരു ലക്ഷത്തോളം തൊഴിലാളികളുണ്ട് കമ്പനിയില്‍. സ്വന്തമായി 10 നിര്‍മാണ പ്ലാന്റുകള്‍. പാര്‍ലെയ്ക്ക് പങ്കാളിത്തമുള്ള 125 പ്ലാന്‍റുകള്‍ വേറെയും.
നേരത്തെ വന്‍കിട കമ്പനിയായ ബ്രിട്ടാനിയയും ബിസ്കറ്റ് വില്‍പന കുറയുന്നതില്‍ ആശങ്ക പങ്കുവെച്ചിരുന്നു. അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നുണ്ടെങ്കില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്നാണ് ബ്രിട്ടാനിയ മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞത്. സാമ്പത്തികമാന്ദ്യം വാഹന വിപണി അടക്കമുള്ള മേഖലകളിലും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.