കോടതി വിധികളുടേയും പരാമർശങ്ങളുടേയും പേരിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കില്ല. സാങ്കേതികമായി അദ്ദേഹത്തിന് അഞ്ചു കൊല്ലം തികച്ചു ഭരിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹം ഭരിക്കട്ടെ. പ്ലസ്ടു അനുവദിച്ച കേസ്സിൽ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ മുമ്പാകെ വാദം തുടരുമ്പോൾ ഇനിയും വരും പരാമർശങ്ങളും വിധിയുമൊക്കെ. പാമോലിൻ കേസ്സിൽ സുപ്രീം കോടതിയും അദ്ദേഹത്തെ വെറുതെ വിട്ടില്ല. ടൈറ്റാനിയത്തിൽ മാലിന്യ നിർമ്മാർജന പ്ലാന്റ് സ്ഥാപിച്ചതു സംബന്ധിച്ച് ഉമ്മൻ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലൻസ് കോടതിയുടെ വിധിക്കു തൊട്ടുപിന്നാലെയാണ് സുപ്രീംകോടതി, ഹൈക്കോടതി വിധികൾ വന്നത്. ഈ കേസുകളെല്ലാം തുടര്‍ച്ചയായി വന്നത് ഒരർഥത്തിൽ അദ്ദേഹത്തിനു സഹായകമായി. കാരണം ഒരു വിശദീകരണം കൊണ്ട് കാര്യം കഴിക്കാൻ കഴിഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരട്ടെ. കാരണം ഒരു ജനതയ്ക്ക് അവർക്ക് അർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുളളു. കേരളീയർ മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ അർഹിക്കുന്നു. അദ്ദേഹം ആ സ്ഥാനത്തുനിന്നു മാറിയതുകൊണ്ട് സർക്കാരിനോ സംസ്ഥാനത്തിനോ ഗുണപരമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതറിയണമെങ്കിൽ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്ക് ഒന്നു നോക്കുക. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്നവരിലേക്കും മറ്റ് നേതൃസ്ഥാനങ്ങളിലിരിക്കുന്നവരിലേക്കും നോക്കുക. അപ്പോൾ മനസ്സിലാകും ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയുണ്ടെന്ന്.
കേരളം ഒരു വലിയ കുടുംബമാണ്. അതിലെ അംഗങ്ങളാണ് ഇവരെല്ലാവരും. അവർ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കേരളീയരുടെ പ്രാതിനിധ്യം പേറുന്നു. അവർ മാറണമെങ്കിൽ മലയാളി അതായത് ഇതെഴുതുന്ന വ്യക്തിയും വായിക്കുന്ന വ്യക്തിയുമുൾപ്പടെയുള്ള നാം മാറണം. എളുപ്പമുള്ള വഴിയും അതാണ്. മറ്റുള്ളവരെ മാറ്റുന്നതിനു പകരം സ്വയം മാറുക. വർത്തമാനകാല കേരളം മലയാളിയോട് ആവശ്യപ്പെടുന്നത് അതാണ്. ആ കാലത്തിന്റെ ഭാഷയാണ് അടിക്കടി മുഖ്യമന്ത്രിക്കും സർക്കാരിനും അതിലെ മന്ത്രിമാർക്കുമെതിരെ വന്നുകൊണ്ടിരിക്കുന്ന കോടതി വിധികളും പരാമർശങ്ങളും ഭരണസ്തംഭനത്തിലേക്കു നയിക്കുന്ന വിവാദങ്ങളും പ്രതിസന്ധികളുമെല്ലാം. ഒരധ്യാപക തസ്തികയ്ക്ക് നാൽപ്പതു ലക്ഷം കൊടുക്കുന്നതും ആ തുക വാങ്ങുന്നതും നമ്മുടെ കുടുംബാംഗങ്ങൾ തന്നെ. അതിനാൽ ഇവിടെ ആർക്കെങ്കിലുമെതിരെ സമരം ചെയ്യുകയാണെങ്കിൽ അത് നാം നമുക്കെതിരെ ചെയ്യുന്ന സമരം തന്നെയാണ്. ആലങ്കാരികമായിപ്പറഞ്ഞാൽ ഇപ്പോൾ അത്യാവശ്യമായ സമരവും അതാണ്. അതിന്, ശീലിച്ചുപോയ സമരമുറ പോരെന്നു മാത്രം. അതിനു പര്യാപ്തമായ സമരമുറയുമായി വരുന്ന നേതാവിനെ നമുക്ക് കാത്തിരിക്കാം. വരും, വരാതിരിക്കില്ല. അതുവരെ കുടുംബം തകരാതെ ഇവരൊക്കെ ഉന്തിത്തള്ളിക്കൊണ്ടുപോകട്ടെ.