Skip to main content

oommen chandy

സോളാർ കേസിനെത്തുടർന്ന് ജനാധിപത്യത്തിന്റെ പ്രയോഗത്തില്‍ ഒട്ടേറെ കീഴ്വഴക്കങ്ങൾ സൃഷ്ടമായിട്ടുണ്ട്. മാറ്റങ്ങൾ നല്ലതാണ്. അതായത് മുൻപോട്ടുള്ള ഗതി. എന്നാല്‍, അതുവരെയുള്ളതില്‍ നിന്ന് ഉയരത്തിലേക്കു നയിക്കുന്നതാകണമത്. അതിനെയാണ് പുരോഗതി എന്ന് പറയുന്നത്. സോളാർ കേസിന്റെ ആവിർഭാവത്തിനുശേഷം നിലവിലുണ്ടായിരുന്ന ഒട്ടേറെ കാഴ്ചപ്പാടുകൾക്കും സങ്കല്‍പ്പങ്ങൾക്കും മൂല്യങ്ങൾക്കും  കീഴ്വഴക്കങ്ങൾക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. അതു തുടർക്കഥപോലെ തുടരുകയും ചെയ്യുന്നു. ഏറ്റവും എടുത്തുപറയേണ്ടത് ജനാധിപത്യ സർക്കാരുകൾക്ക് വർധിച്ച പ്രതിരോധ ശേഷിയെക്കുറിച്ചാണ്. എത്ര വലിയ ആരോപണങ്ങൾ എത്രതന്നെ ശക്തമായി മാധ്യമങ്ങളോ പ്രതിപക്ഷമോ പുറത്തുകൊണ്ട് വന്നാലും അതിനെയെല്ലാം അനായാസമായി അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയും എന്ന കാര്യം ഉമ്മൻചാണ്ടി സർക്കാർ ഉറപ്പാക്കിയിരിക്കുന്ന്. കേരളം കണ്ട ഏറ്റവും വലുതെന്ന് ചരിത്രം കുറിക്കുമെന്ന് കരുതിയ പ്രക്ഷോഭത്തിനുപോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതോടൊപ്പം പ്രക്ഷോഭത്തിന്റെ കമ്പോളനിലവാരവും തകർന്നു. അതു മറ്റൊരു അറിവും കീഴ്വഴക്കവും.

 

ഈ പ്രതിരോധശേഷി നേടിയതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്  സോളാർ കേസുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമർശങ്ങൾ. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിധമുള്ള കടുത്ത പരാമർശങ്ങളാണ് കോടതി തുടക്കം മുതല്‍ നടത്തിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ കാര്യം മുതല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടി വരും എന്നാണ് കേസിന്റെ അന്വേഷണത്തിലെ ഏകോപനമില്ലായ്മയേയും ചില ഗതികളേയും കണ്ടുകൊണ്ട് ആദ്യം പരാമർശം നടത്തിയത്. അതിനു ശേഷവും ഇതേ വിഷയത്തില്‍ എന്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്റെ ചുമതലയെന്നുവരെ കോടതി ചോദിക്കുകയുണ്ടായി. ഈ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മജിസ്‌ട്രേറ്റ് കോടതി സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതെ എഴുതിക്കൊടുക്കാൻ നിർദ്ദേശിക്കുന്ന സംഭവം ഉണ്ടാകുന്നത്. നിയമം നിയമത്തിന്റെ വഴിയേ നീങ്ങുമെന്നും അങ്ങിനെയാണ് സംഭവിക്കുന്നതെന്നും സർക്കാറും മുന്നണിയുടെ വക്താക്കളും തുടർന്നും പറഞ്ഞു.

 

അതിനിടെ ജോസ് തെറ്റയില്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീർപ്പാക്കുന്നതിനിടെ വളരെ ഗുരുതരമായ പരാമർശമാണ് കോടതി സർക്കാരിനെതിരെ നടത്തിയത്. മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികമായി തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് അങ്കമാലി  സ്വദേശിനി വീഡിയോ ദൃശ്യങ്ങൾ സഹിതം നല്‍കിയ പരാതിയിലെ എഫ്.ഐ.ആർ റദ്ദ് ചെയ്യാനായിരുന്നു തെറ്റയില്‍ ഹൈക്കോടതിയെ സമീപിച്ചത്. തെറ്റയിലിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കുക മാത്രമല്ല, യുവതിയുടെ ചെയ്തിയില്‍ അസ്വാഭാവികതപോലും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. തെറ്റയിലിനെതിരെ യുവതിയുടെ പരാതിയിൻമേല്‍ കേസെടുക്കാൻ സർക്കാർ തിടുക്കം കാട്ടിയതായും കോടതി നിരീക്ഷിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നുണ്ടായ ഏറ്റവും ഗുരുതരമായ പരാമർശമായിരുന്ന് അത്. കോടതിയുടെ ആ പരാമർശത്തില്‍ സര്‍ക്കാറിന്റെ മേല്‍ വീണത് നിഴലുകളുടെ പെരുമഴയാണ്. ഗൂഢാലോചന, നിയമവ്യവസ്ഥയുടെ ലംഘനം, ഇവയെല്ലാം ചെയ്തതില്‍ ഭരണനേതൃത്വത്തിന്റെ പങ്ക് എന്നിങ്ങനെയുള്ള സൂചനകളായിരുന്നു ആ പരാമർശത്തില്‍ നിഴലിച്ചത്. ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ജലാശയത്തില്‍ വലിയ പാറക്കല്ലല്ല, ഒരു കെട്ടിടം വീണാല്‍ പോലും  അറിയാതെ പോകും. ആ അവസ്ഥയിലേക്ക് തെറ്റയില്‍ കേസുമായി ബന്ധപ്പെട്ട കോടതി പരാമർശം പിന്തള്ളപ്പെട്ടു. അത്തരം കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണെങ്കില്‍ ഭരണകൂടത്തിന് അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ കേരളചരിത്രത്തിലെ  ഏറ്റവും വലിയ കറുത്തപാടാണത്. ഇതൊന്നും ധാർമികമായി തെറ്റയിലിന്റെ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.

 

മുഖ്യമന്ത്രിയുടെ ഗൺമാനും സോളാർ തട്ടിപ്പുകേസില്‍ സസ്‌പെൻഷനിലുമായ സലിംരാജിനെതിരെ ഹൈക്കോടതിയുടെ മുന്നിലുള്ള ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അയാളുടെ ഫോൺരേഖകൾ ഹാജരാക്കാൻ സിംഗിൾബഞ്ച് ഉത്തരവായി. എന്നാല്‍ അതിനെതിരെ ഡിവിഷൻ ബഞ്ചില്‍ സർക്കാർ അപ്പീല്‍ നല്‍കുകയും അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി ഫോൺരേഖകൾ ഹാജരാക്കുന്നതിനെതിരെയുള്ള വാദം ഉന്നയിക്കുകയുണ്ടായി. കോടതി ആ വാദം അംഗീകരിച്ചുകൊണ്ട് സിംഗിൾബഞ്ച് ഉത്തരവിന് സ്റ്റേയും നല്‍കി. ആ കേസിലാണ് ഏറ്റവുമൊടുവില്‍ അതിനിശിതമായ രീതിയില്‍ സർക്കാരിനെ കോടതി വിമർശിച്ചിരിക്കുന്നത്. കോടതി ആവശ്യപ്പെട്ട പ്രമാണങ്ങളുടെ പകർപ്പ് ഹാജരാക്കിയില്ല, സർക്കാർ നല്‍കിയിട്ടുള്ള അപ്പീലില്‍ മലയാളത്തിലുള്ള രേഖകളുടെ ഇംഗ്ലീഷ് വിവർത്തനം നല്‍കുകയുണ്ടായില്ല. വെറുമൊരു സാധാരണ വ്യവഹാരിയെപ്പോലെ സർക്കാർ പെരുമാറുന്നുവെന്നുവരെ കോടതി പറയുകയുണ്ടായി. കേരളം മുഴുവൻ മാധ്യമങ്ങളിലൂടെ ജനങ്ങൾ ശ്രദ്ധിക്കുന്ന കേസാണിതെന്ന് അറിയാമായിരിന്നിട്ടുകൂടിയാണ് സർക്കാർ ഈ നിലപാട് സ്വീകരിക്കുന്നത്. സർക്കാരിന്റെ മോശമായ മുഖമാണ് ഏറെ നാളായി ഇപ്പോൾ സുതാര്യമായിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിന് സർക്കാരിനെ പ്രതിദിനം ആക്രമിക്കാൻ ആവർത്തനവിരസതയൊഴിവാക്കുകയും മാധ്യമങ്ങൾക്ക് ചർച്ചകൾക്ക് വിഭവമാകുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതെല്ലാം സംഭവിക്കുന്നത് നമ്മുടെ ഏറ്റവും പരിപാവനമായ ജനാധിപത്യ സ്ഥാപനത്തിനാണെന്നത് തിരിച്ചറിയുമ്പോൾ നാശവും നഷ്ടവും സംഭവിക്കുന്നത് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനുമല്ല. ജനാധിപത്യത്തിനും അതുവഴി ജനങ്ങൾക്കുമാണ്.

Tags