നിയമാനുസൃത പ്രായമെത്താതെ വിവാഹിതരാകുന്ന മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവാഹ രജിസ്ട്രേഷന് നല്‍കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 1976-ല്‍ വിവാഹ നിയമങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ഇന്ത്യയില്‍ വിവാഹപ്രായം പുരുഷന് 21-ഉം സ്ത്രീക്ക് 18-ഉം ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശൈശവ വിവാഹ നിരോധന നിയമം ഈ പ്രായത്തില്‍ താഴെയുള്ളവരുടെ വിവാഹം കുറ്റകരമാക്കുന്നു. ഇവ രണ്ടും പൊതുസമൂഹത്തില്‍, കേരളത്തില്‍ പ്രത്യേകിച്ചും, വ്യാപക പ്രചാരം ലഭിച്ചയുമാണ്. മന്ത്രിയായിരുന്ന എം.പി ഗംഗാധരന് സ്ഥാനം രാജിവെച്ച് പ്രോസിക്യൂഷന് നടപടികള്‍ നേരിടേണ്ടിവന്നത് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹത്തിന്റെ പേരിലാണ്.
ഇവയെ അവഗണിച്ചാണ് ഇല്ലാത്ത മുസ്ലിം വിവാഹ നിയമത്തിന്റെ പേരില്‍ 16 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് രജിസ്ട്രേഷന് നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. ഉത്തരവിന് ആധാരമായ നിയമം ജമൈക്കയിലേതാണ് എന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഇതുവരെ നിഷേധിക്കുകയോ അതില്‍ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്റെ സാമൂഹ്യപ്രശ്നങ്ങള്‍, പ്രധാനം തന്നെയാണെങ്കിലും, തല്കാലം മാറ്റിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ ഉത്തരവിന് പിന്നില്‍ പ്രവര്ത്തിച്ചതെങ്ങനെയെന്ന പരിശോധന ഗൌരവമായ പ്രശ്നങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം ഒരുത്തരവ് ഇറക്കുന്നതിന് മുന്‍പ് അതിന്റെ നിയമസാധുത സംബന്ധിച്ച് എന്ത് പരിശോധനയാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നത് വളരെ പ്രധാനമായ ഒരു ചോദ്യമാണ്. കാരണം കൃത്യമായും ഇത്തരമൊരു ചുമതല നിര്‍വഹിക്കാനാണ് സര്‍ക്കാറുകളില്‍ നിയമവകുപ്പ് പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, ഇപ്പോള്‍ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച സര്‍ക്കുലര്‍ പുറത്തിറക്കുന്നതിന് മുമ്പ് നിയമവകുപ്പ് പരിശോധിച്ചിരുന്നെന്ന് മന്ത്രി എം.കെ മുനീര്‍ നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍, സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശക്തിയാണ് ഇപ്പോഴത്തെ കരണം മറിച്ചിലിന് കാരണമെന്ന് വ്യക്തം. എന്നാല്‍, ഇപ്പോള്‍ സാധുതയില്ലാത്തതെന്ന് കണ്ടെത്തിയ ഉത്തരവ് ഇറക്കുന്നതിനെ അനുകൂലിക്കാന്‍ നിയമവകുപ്പിനെ പ്രേരിപ്പിച്ചതെന്താണ് എന്നത് വിശദീകരണവും വിശകലനവും അര്‍ഹിക്കുന്നു.
സര്‍ക്കാര്‍ സംവിധാനത്തിനകത്ത് ഇത്തരമൊരു സര്‍ക്കുലര്‍ പ്രത്യക്ഷത്തില്‍ തന്നെ ദോഷകരമായി ബാധിക്കുന്ന രണ്ട് വകുപ്പുകള്‍ വനിതാ-ശിശു ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പുമാണ്. നവജാതശിശുക്കളിലെ പോഷകാഹാരക്കുറവ് എന്ന വെല്ലുവിളി നേരിടാന്‍ കൌമാരാക്കരികളുടെ ഇടയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്ന വനിതാ-ശിശു ക്ഷേമ വകുപ്പിനെ നയിക്കുന്നത് പഞ്ചായത്തുകളുടെയും ചുമതലയുള്ള മന്ത്രി മുനീറാണ്. പെണ്‍കുട്ടികളുടെ സാമൂഹ്യപദവിയെ നിര്‍ണ്ണയിക്കുന്ന ഇന്നും നിര്‍ണ്ണയിക്കുന്ന വിദ്യാഭ്യാസം മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ചുമതലയിലും. വിവാഹം വിവാഹത്തിന്റെ വഴിക്കും പഠനം പഠനത്തിന്റെ വഴിക്കും എന്നായിരുന്നു മന്ത്രി അബ്ദുറബ്ബിന്റെ ഈ വിഷയത്തിലെ പ്രതികരണം. തങ്ങളുടെ വകുപ്പുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ അട്ടിമറിക്കുകയും, സര്‍വ്വോപരി ക്രിമിനല്‍ കുറ്റത്തിന് പ്രോത്സാഹനം നല്‍കുന്നതുമായ ഈ സര്‍ക്കുലറിനെ പ്രതിരോധിക്കാനാണ് രണ്ടു മന്ത്രിമാരും മുതിര്‍ന്നത്.
ചുരുക്കത്തില്‍, മതത്തിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം വളയുന്ന കാഴ്ചയാണ് ഈ സംഭവം കേരളീയ സമൂഹത്തിന് മുന്നിലുയര്‍ത്തുന്നത്. ഭരണത്തെ പാര്‍ട്ടി/മത താല്‍പ്പര്യങ്ങള്‍ക്കുള്ള ഉപകരണമായി കണക്കാക്കുന്ന മുസ്ലിം ലീഗിന്റെ സമീപകാല പ്രവണതയുടെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറുകയാണ്. അഞ്ചാം മന്ത്രി പ്രശ്നത്തില്‍, ലീഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍, അബ്ദുറബ്ബിന്റെ വസതിയുടെ പേരുമാറ്റത്തില്‍ എല്ലാം കണ്ട വിഭാഗീയ സമീപനത്തിന്റെ തുടര്‍ച്ച. ഇവയെല്ലാം കേവലം ആരോപണങ്ങള്‍ അല്ല എന്ന ചിന്ത പൊതുസമൂഹത്തില്‍ ഉറപ്പിക്കാന്‍ ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍ പ്രേരണയാകുന്നു. രാഷ്ട്രീയത്തിലും സമൂഹത്തിലും പരോക്ഷമായ ധ്രുവീകരണത്തിന് ഇടയാക്കുന്ന തങ്ങളുടെ നിലപാടില്‍ പുന:പരിശോധന നടത്തേണ്ടത് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന് സ്വയം കരുതുന്നുവെങ്കില്‍ ലീഗ് അനിവാര്യമായും ചെയ്യേണ്ട ഒന്നാണു്.