ഗണേഷും കേരളവും

Tue, 02-04-2013 05:00:00 PM ;

ganesh kumar


ഒടുവില്‍ കെ. ബി. ഗണേഷ് കുമാര്‍ മന്ത്രിപദവിയില്‍ നിന്ന് രാജിവച്ചിരിക്കുന്നു.  സീരിയലുകളേയും റിയാലിറ്റി ഷോകളേയും നാണിപ്പിക്കുന്ന തരത്തില്‍ ഒരു മാസത്തോളമായി പൊതുസമൂഹത്തിന് മുന്നില്‍ വിസ്തരിക്കപ്പെട്ടത് കേരളത്തിലെ മുഖ്യധാരാ കുടുംബത്തിന്റെ ചില അളവുകോലുകളുടെ പ്രസക്തിയാണ്. ഒപ്പം കേരള രാഷ്ട്രീയം എത്തിച്ചേര്‍ന്ന പതനങ്ങളും.

 

കേരളത്തിന്റെ മുഖ്യധാരാ സമൂഹം ഒരു കുടുംബത്തിന് ബഹുമാന്യത കല്പ്പിക്കാനുള്ള എല്ലാ അളവുകോലുകളും പൂര്‍ത്തീകരിച്ച ഒരു കുടുംബമാണ് കീഴൂട്ട് തറവാട്. ഇന്നും അവിടെ ആനയുണ്ട്. അളവറ്റ സമ്പത്ത് സ്വരുക്കൂട്ടിയ ജന്മിയായ രാമന്‍ പിള്ള. പലതവണ മന്ത്രിയായ മകന്‍ ബാലകൃഷ്ണ പിള്ള. സിനിമയിലൂടെ പ്രശസ്തി നേടി പിന്നീട് മന്ത്രിപദത്തില്‍ അവരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ മകന്‍ ഗണേഷ് കുമാര്‍. ഐ.എ.എസ്. ഉദ്യോഗസ്ഥരായ മരുമക്കള്‍. പാരമ്പര്യം, സമ്പത്ത്, അധികാരം, പ്രശസ്തി, വിദ്യ ഇവയെല്ലാം ആ കുടുംബത്തിലുണ്ട്. കേരളത്തിലെ ഒരു മുഖ്യധാരാ കുടുംബം ആഗ്രഹിക്കുന്നത് ഇവയില്‍ ഏതെങ്കിലും ഒന്ന്‍ ഉന്നത നിലയില്‍ കൈവരിക്കാനാണ്. ഒന്നുണ്ടെങ്കില്‍ അതുപയോഗിച്ച് മറ്റുള്ളവയെല്ലാം കയ്യിലെത്തിക്കാം എന്ന് നമുക്കറിയാം. പക്ഷെ, ഈ അളവുകോലുകള്‍ക്കെല്ലാം ഉള്ള പരിമിതിയെ അതിന്റെ ഏറ്റവും ദൈന്യാവസ്ഥയില്‍ തുറന്നു കാട്ടുകയാണ് ഗണേഷ് കുമാറിന്റെ കുടുംബ ജീവിതം. ബഹുമാന്യതക്ക് സമൂഹം കല്‍പ്പിച്ച അളവുകോലുകള്‍ എല്ലാം തികഞ്ഞിട്ടും എങ്ങിനെ അപമാനം മാത്രം ബാക്കിയാകുന്നു എന്നതിന്റെ പാഠമാണ് ഗണേഷ് കുമാര്‍ കേരളീയ സമൂഹത്തിനു നല്‍കുന്നത്.

 

നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാത്ത ഭരണാധികാരികളെ കുറിച്ച് ഞങ്ങള്‍ മുന്‍പ് ഗണേഷിന്റേയും പി.സി. ജോര്‍ജിന്റേയും കാര്യത്തില്‍ എഴുതിയിരുന്നു. ആ കൂട്ടത്തിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന്നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്. തന്റെ മന്ത്രി നടത്തുന്ന ഗാര്‍ഹിക അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ട മന്ത്രിയുടെ ഭാര്യയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക മാത്രമല്ല, അവരെ സ്വാധീനിച്ച് പരാതിയില്ലെന്ന പേരില്‍ ഒരു കത്ത് തയ്യാറാക്കി നിയമസഭയില്‍ വെക്കുകയും ചെയ്തു. നിഷ്പക്ഷമായി നീതി നിര്‍വഹിക്കുമെന്ന് പ്രതിജ്ഞ  ചെയ്ത് ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി ഇവിടെ അത് ചെയ്തില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ പ്രതിനിധിസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ കുടുംബ പ്രശ്നത്തില്‍ മധ്യസ്ഥത ഏറ്റെടുക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്തെന്ന് മാത്രമല്ല, ഭരണഘടനയോടും നിയമവ്യവസ്ഥയോടും തരിമ്പും ബഹുമാനം കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. നടപടി ക്രമങ്ങള്‍ തങ്ങള്‍ക്ക് ബാധമല്ലെന്ന മട്ടില്‍ പെരുമാറിയ രാഷ്ട്രീയ പ്രവര്‍ത്തക വര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യത്തിനും, രാഷ്ട്രീയത്തിനു തന്നെയും ഇതിനോടകം ആവശ്യത്തിലധികം അപകടം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആ നിരയില്‍ കാണുന്നത്, ഏറ്റവും ലളിതമായ ഭാഷയില്‍, ദുരന്തമാണ്.

Tags: