പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇ.എഫ്.എല്‍ നിയമ പ്രകാരം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 2000-ത്തില്‍ കൊണ്ടു വന്ന ഇ.എഫ്.എല്‍ നിയമത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇ.എഫ്.എല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ അനുമതി വേണം.
ആവശ്യമുള്ള ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഏറ്റെടുത്ത രണ്ട് ഹെക്ടറില്‍ താഴെയുള്ള ഭൂമി തിരിച്ചു നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യുമെന്നും ആദിവാസി ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് അവരുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടു ഹെക്ടറില്‍ താഴെ ഏറ്റെടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കും. ഇനി മുതല്‍ ഭൂമി ഏറ്റെടുക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമെന്ന് കണ്ടാല്‍ നഷ്ടപരിഹാരം നല്‍കും. 15 ഏക്കര്‍വരെ ഏറ്റെടുത്തവര്‍ക്ക് 2 ഹെക്ടര്‍ ഭൂമി തിരിച്ചുനല്‍കും. വനസംരക്ഷണത്തിനായി ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോക്കനട്ട് നീരാ ബോര്‍ഡ് രൂപീകരിക്കാനായി 15 കോടി രൂപ നല്‍കാനും യോഗം തീരുമാനിച്ചു.