Skip to main content
തിരുവനന്തപുരം

v m sudheeranആറന്മുള വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്ന സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. എല്ലാ ജനകീയ സമരങ്ങളോടുമുള്ള പാര്‍ട്ടിയുടെ നയമിതായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ അറിയിച്ചു.

 

സര്‍വകലാശാലാ വി.സി നിയമനകാര്യത്തില്‍ സാമുദായിക സന്തുലനാവസ്ഥ നോക്കുന്നതിനൊപ്പം അക്കാദമിക മികവും നിര്‍ബന്ധമായി പരിഗണിക്കണമെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുന്നതുവരെ മറ്റ് നിയമനങ്ങള്‍ നല്‍കരുതെന്നും ഇങ്ങനെ നിയമനം നല്‍കിയ കേസുകളില്‍ പുനഃപരിശോധന നടത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനെതിരെ മാര്‍ച്ച് മൂന്നിന് മതേതരജനാധിപത്യ വിശ്വാസികളെ പങ്കെടുപ്പിച്ച് നഗരസഭ പഞ്ചായത്തുതലത്തില്‍ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി.

 

പരിസ്ഥിതിയെയും കര്‍ഷകരെയും സംരക്ഷിച്ചുകൊണ്ടായിരിക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നയം രൂപവത്കരിക്കാനെന്നും കര്‍ഷകരുടെ ആശങ്ക പൂര്‍ണമായും അകറ്റിയ ശേഷം വേണം തീരുമാനമെടുക്കാനെന്നും സുധീരന്‍ പറഞ്ഞു. അനധികൃത ഖനനം നിയന്ത്രിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. തൃശ്ശൂര്‍ ഡി.സി.സി യിലെ പ്രശ്‌നത്തില്‍ ബന്ധപ്പെട്ടവര്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Tags