Skip to main content

തിരുവനന്തപുരം: വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാജി വച്ചു. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഭാര്യ യാമിനി തങ്കച്ചി മന്ത്രിക്കെതിരെ ഗാര്‍ഹിക അതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. തിങ്കളാഴ്ച പകല്‍ വിവാഹമോചനം ആവശ്യപ്പെട്ടു മന്ത്രി കുടുംബകോടതിയില്‍ ഹര്‍ജി നകിയിരുന്നു .

 

കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഗണേഷിന്റെ രാജി ആവശ്യപ്പെടാന്‍ രാത്രി വൈകി മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ്. നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്. യോഗത്തിനു മുന്നോടിയായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

                                                             

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഗണേഷിനെതിരെ ഗാര്‍ഹിക അതിക്രമം ആരോപിച്ച് പരാതി നല്‍കിയ യാമിനി തങ്കച്ചി  തുടര്‍ന്ന് മുഖ്യമന്ത്രിയെയും കണ്ടു.  പിന്നീടു മാധ്യമപ്രവര്‍ത്തകരെ കണ്ട അവര്‍ ആരോപണം പരസ്യമായി ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഗണേഷ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് യാമിനി ശ്രമിക്കുന്നതെന്ന് പറഞ്ഞു. ഗണേഷും മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

ഗണേഷിനെതിരെ ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും ഇരുവരുടെയും പരാതികളില്‍ എഫ്.ഐ.ആര്‍. തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഗണേഷ് രാജി സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷത്തിന് തടസ്സം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗണേഷ് കുമാറും പറഞ്ഞു. എം.എല്‍.എ. സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.