Skip to main content
ന്യൂഡല്‍ഹി

N Sreenivasanഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീം കോടതി. കളിക്കാര്‍ ഉള്‍പെടെയുള്ള 13 ആളുകളുടെ പേരുകള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും അതിപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീനിവാസന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്.

 

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന ശ്രീനിവാസന്റെ സത്യവാങ്മൂലം വേഗത്തില്‍ പരിഗണിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്നും കോടതി അറിയിച്ചു. ഐ.പി.എല്‍ സീസണ്‍ കഴിയും വരെ സുന്ദര്‍ രാമന് സി.ഇ.ഒ ആയി തുടരാമെന്നും കോടതി വ്യക്തമാക്കി.

 

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് താരങ്ങളുടെയോ ടീമുകളുടെയോ പേരുകള്‍ പരാമര്‍ശിക്കാന്‍ കോടതി തയ്യാറായില്ല. താരങ്ങള്‍ക്കും ടീമുകള്‍ക്കുമെതിരെ ആരോപണങ്ങളും മൊഴികളുമാണുള്ളത്. അതുകൊണ്ട് അന്വേഷണം കഴിയുന്നതുവരെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് മുദ്ഗല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. അതേസമയം 13 പേരില്‍ ഒരാള്‍ ശ്രീനിവാസനാണെന്ന്‍ സുപ്രീം കോടതി അറിയിച്ചു.

 

ഐ.പി.എല്‍ ഒത്തുകളിയില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് സുപ്രീം കോടതി നീക്കിയത്. തുടര്‍ന്ന് കഴിഞ്ഞമാസം ഇരുപത്തിയെട്ടിന് സുനില്‍ ഗവാസ്കര്‍ക്ക് താല്‍കാലിക ചുമതല നല്‍കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് മെയ്യപ്പന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.