ടി.പി വധ ഗൂഡാലോചന കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. സി.ബി.ഐക്ക് ഏറ്റെടുക്കാനുള്ള പ്രധാന്യം കേസിനില്ലെന്ന്‍ വക്താവ് കാഞ്ചൻ പ്രസാദ് അറിയിക്കുകയായിരുന്നു. ടി.പി ചന്ദ്രശേഖരനെ വധിച്ച കേസ് കേരളത്തിലെ പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയും വിചാരണയും ശിക്ഷയും വിധിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു കേസിൽ ദേശീയ ഏജൻസി അന്വേഷിക്കേണ്ട സവിശേഷ സാഹചര്യങ്ങൾ ഒന്നും തന്നെ ഇപ്പോഴില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.
ടി.പിയുടെ ഭാര്യ രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടി.പി വധശ്രമ ഗൂഡാലോചന കേസ് സി.ബി.ഐയ്ക്കു വിടുന്നതിന്‍റെ ഭാഗമായി കോഴിക്കോട് എടച്ചേരി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് സി.ബി.ഐയ്ക്കു കൈമാറിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ടി.പിയുടെ കൊലപാതകത്തിനു പിന്നിലെ സാമ്പത്തിക സ്രോതസും ഇടപാടുകളും അന്വേഷിക്കണമെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
അന്വേഷണം നടത്താന്‍ നിയമപോരാട്ടം തുടരുമെന്നും മരണം വരെ സമരം നടത്തുമെന്നും കെ.കെ രമ അറിയിച്ചു. പിന്മാറ്റത്തിന് പിന്നില്‍ പ്രേരണയുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും രമ പറഞ്ഞു. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും സി.ബി.ഐക്ക് കത്തയച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.